പുതിയ ചിത്രം ‘ഫര്‍ഹാന’യ്‌ക്കെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹര്യത്തില്‍ നടി ഐശ്വര്യ രാജേഷിന് പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ താരത്തിന്റെ ഒരു പരാമര്‍ശമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യില്‍ രശ്മിക മന്ദാന അവതരിപ്പിച്ച കഥാപാത്രം ചെയ്യാന്‍ താനാണ് അനുയോജ്യ എന്നാണ് ഐശ്വര്യ പറയുന്നത്.
പുഷ്പയിലെ ശ്രീവല്ലി രശ്മികയ്ക്ക് ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിക്കൊടുത്ത കഥാപാത്രമാണ്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണവും പുരോഗമിക്കുകയാണ്. ഇതിനിടയിലാണ് ഐശ്വര്യയുടെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പുഷ്പ പോലൊരു സിനിമയില്‍ ക്ഷണം ലഭിച്ചിരുന്നെങ്കില്‍ ഉറപ്പായും സ്വീകരിക്കുമായിരുന്നു. ശ്രീവല്ലി എന്ന കഥാപാത്രത്തെ രശ്മിക മനോഹരമായിട്ടാണ് ചെയ്തത്. പക്ഷേ, ആ വേഷം തനിക്കായിരുന്നു കൂടുതല്‍ ചേരുക എന്ന് തോന്നിയിരുന്നു എന്നാണ് ഐശ്വര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.
അതേസമയം, ഐശ്വര്യയുടെ ഫര്‍ഹാന എന്ന സിനിമയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ നടക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ ലീഗ് അടക്കമുള്ള സംഘടനകളാണ് സിനിമയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയത്. ഫോണിലൂടെ സെക്‌സ് ചാറ്റ് ചെയ്യുന്ന ജോലിയുള്ള യുവതിയുടെ കഥയാണ് ‘ഫര്‍ഹാന’.
മെയ് 12ന് ആയിരുന്നു ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെ പ്രതിഷേധങ്ങള്‍ ആരംഭിക്കുകയായിരുന്നു. അതേസമയം, ഫര്‍ഹാന ഒരു മതത്തിനും എതിരല്ലെന്ന് വ്യക്തമാക്കി സംവിധായകനും നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്.