വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം

നടിയും മോഡലും മുൻ ബിഗ് ബോസ് താരവുമാണ് ഐശ്വര്യ സുരേഷ്. ലച്ചു ഗ്രാം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്ന ഐശ്വര്യയ്ക്ക് നിരവധി ആരാധകരാണുള്ളത്. എന്നാൽ ലച്ചുവിന്റെ ഒരു വെളിപ്പെടുത്തലാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചത്. താന്‍ വിവാഹിതയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലച്ചു ഇപ്പോൾ.

പങ്കാളിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ലച്ചു താന്‍ വിവാഹിതയാണെന്ന കാര്യം ആരാധകരെ അറിയിച്ചിരിക്കുന്നത്. തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്തയാണ് ലെച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയത്. എന്നാൽ പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ‘ഞാൻ ഈ ബ്യൂട്ടിഫുൾ സോളിനെ വിവാഹം ചെയ്തിട്ട് ഒരു വർഷമാകാൻ പോവുന്നു’ എന്നാണ് ലെച്ചു സ്റ്റോറിൽ കുറിച്ചത്.

2018ല്‍ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സെയ്ഫ്, തിങ്കളാഴ്ച നിശ്ചയം എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. ജയം രവിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം ഇരൈവനിലും ലച്ചു അഭിനയിച്ചിട്ടുണ്ട്. അഭിനയത്തില്‍ മാത്രമല്ല, മോഡലിങ് രംഗത്തും തന്റെ മികവ് തെളിയിച്ച ആളാണ് ഐശ്വര്യ സുരേഷ് . കേരളത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ.