പ്രശസ്ത നടനും സ്റ്റണ്ട് സംവിധായകനായ വീരു ദേവ്ഗണ്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തെ കുറിച്ച് മകനും ബോളിവുഡ് നടനുമായ അജയ് ദേവ്ഗണ്‍ പറഞ്ഞ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.
ഒരിക്കല്‍ മുംബൈയില്‍ വെച്ച് തന്നെ ആള്‍ക്കൂട്ടം വളഞ്ഞിട്ടു ആക്രമിക്കാന്‍ വന്നപ്പോള്‍ അച്ഛന്‍ രക്ഷകനായെത്തിയ കഥയാണ് അജയ് ഒരു അഭിമുഖത്തില്‍ പങ്കുവെച്ചത്. “എനിക്കൊരു ജീപ്പ് ഉണ്ടായിരുന്നു. അതില്‍ ചുറ്റി കറങ്ങുന്നത് എന്റെ ഏറ്റവും വലിയ വിനോദമായിരുന്നു. ഒരിക്കല്‍ മുംബൈയിലെ ഒരു വീതി കുറഞ്ഞ തെരുവിലൂടെ ഞാന്‍ ജീപ്പ് ഓടിക്കുമ്പോള്‍ പട്ടം പറത്തുന്ന ഒരു കുട്ടി പെട്ടന്ന് മുമ്പില്‍ വന്നു ചാടി. ഞാന്‍ പെട്ടന്ന് ബ്രേക്കിട്ടു. വണ്ടി തട്ടിയില്ലെങ്കിലും പേടിച്ച കുട്ടി ഉറക്കെ കരഞ്ഞു.
എന്റെ ജീപ്പിന് ചുറ്റും വലിയ ആള്‍ക്കൂട്ടം തടിച്ചുകൂടി. എന്നോട് ജീപ്പില്‍ നിന്നിറങ്ങാന്‍ പറഞ്ഞ് അവര്‍ ആക്രോശിച്ചു. എന്റെ തെറ്റല്ലായിരുന്നു, ആ കുട്ടിക്ക് പറ്റിയ അബദ്ധമായിരുന്നു. എന്നാലും ഞാന്‍ വണ്ടിയിടിച്ച് കുട്ടിയെ തട്ടിയിട്ട പോലെയാണ് ആള്‍ക്കൂട്ടം പെരുമാറിയത്. വണ്ടിയില്‍ നിന്ന് ഇറങ്ങ്, പണക്കാര്‍ക്ക് എന്തു വേണമെങ്കില്‍ ചെയ്യാമല്ലോ എന്ന് പറഞ്ഞ് 20- 25 ആളുകള്‍ എന്നെ തല്ലാന്‍ വന്നു.
പത്ത് മിനിറ്റു കഴിഞ്ഞപ്പോള്‍ അച്ഛന്‍ അവിടെ എത്തി. സിനിമയിലെ ഇരുനൂറ്റിയമ്പതോളം ഫൈറ്റേഴ്സിനെയും കൂട്ടിയാണ് അവിടെ വന്നത്. അവരെ കണ്ടപ്പോള്‍ ആള്‍ക്കൂട്ടം പിന്മാറി. ശരിക്കും സിനിമയിലെ ഒരു രംഗം പോലെ തന്നെയുണ്ടായിരുന്നു” അജയ് അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങിനെയാണ്.