ആദ്യം കേസ്, പിന്നെ എയറില്‍; ഒടുവില്‍ അഖില്‍ മാരാര്‍ വക ഒരു ലക്ഷം ദുരിതാശ്വാസ നിധിയിലേക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയ സംവിധായകന്‍ അഖില്‍ മാരാര്‍. ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയതിന് പിന്നാലെ അഖില്‍ മാരാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ദുരിതാശ്വാസനിധിയിലേക്ക് താന്‍ പണം നല്‍കില്ലെന്ന മാരാരുടെ കുറിപ്പാണ് വിവാദമായത്. കേസ് ആയതോടെ പോസ്റ്റ് എഡിറ്റ് ചെയ്ത് ഒരു ലക്ഷം രൂപ സംഭാവന ചെയ്തിരിക്കുകയാണ് സംവിധായകന്‍.

ദുരിതാശ്വാസനിധിയെ കുറിച്ചുള്ള തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞാല്‍ ഒരു ലക്ഷം കൊടുക്കാം എന്ന് നേരത്തെ പറഞ്ഞിരുന്ന അഖില്‍ മാരാര്‍ മറുപടി ലഭിച്ച ശേഷം ഇട്ട പോസ്റ്റില്‍ ഇതിനെ കുറിച്ച് പറഞ്ഞിരുന്നില്ല. എന്നാല്‍ കമന്റുകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെ അതേ പോസ്റ്റ് എഡിറ്റ് ചെയ്ത് 1 ലക്ഷം കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

അഖില്‍ മാരാര്‍ ആദ്യം പങ്കുവച്ച കുറിപ്പ് ഇപ്രകാരമായിരുന്നു: ”ചോദ്യം തീ പിടിപ്പിക്കും എങ്കില്‍ അത് കെടുത്താന്‍ മറുപടി പറഞ്ഞെ പറ്റു മുഖ്യമന്ത്രി…ഇരട്ട ചങ്കന്‍ മുഖ്യനെ കൊണ്ട് മറുപടി പറയിക്കാന്‍ കഴിഞ്ഞത് പ്രിയപ്പെട്ട ജനങ്ങളെ നിങ്ങളുടെ ശക്തിയാണ്… നിങ്ങള്‍ക്ക് ഒരായിരം സ്‌നേഹം..എന്റെ ചോദ്യത്തിന് പ്രിയപ്പെട്ട മുഖ്യമന്ത്രിയുടെ മറുപടി സ്വാഗതം ചെയ്യുന്നു.. ഇത് പോലെ കണക്കുകള്‍ കൂടി ബോധ്യപ്പെടുത്തിയാല്‍ തകര്‍ന്ന് വീഴുന്നത് അങ്ങയെ മോശമാക്കി ചിത്രീകരിച്ച് മാധ്യമങ്ങളും പ്രതിപക്ഷവും ആണ്..”

”അടുത്ത മുഖമന്ത്രി കസേര സ്വപ്നം കാണുന്നവര്‍ക്ക് മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് ഇത് പോലെ മറുപടി നല്‍കു… വ്യക്തമല്ലാത്ത പൂര്‍ണതയില്ലാത്ത വെബ്‌സൈറ്റ് വിവരങ്ങള്‍ ആണ് എന്റെ ചോദ്യങ്ങള്‍ക്ക് കാരണം.. ഇനി ആര്‍ക്കൊക്കെ ആണ് ലാപ്‌ടോപ് നല്‍കിയതെന്ന് കണക്കുകള്‍ പ്രസിദ്ധീകരിക്കുക. വ്യക്തത ആണ് ജനങ്ങള്‍ക്ക് ആവശ്യം. ഇനിയും ചോദ്യങ്ങള്‍ ഉയരും…”

വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ ഈ പോസ്റ്റ് അഖില്‍ എഡിറ്റ് ചെയ്തു. ”NB : മറുപടി നല്‍കാന്‍ കാണിച്ച മാന്യതയ്ക്കും ഭാവിയില്‍ കട്ട് മൂടിക്കില്ല എന്ന ഉറപ്പിലും എന്റെ വക ഒരു ലക്ഷം ഞാന്‍ നല്‍കും. ഈ വരുന്ന തുകയില്‍ സഖാക്കന്മാരുടെ കീശ വീര്‍ത്താല്‍ മുഖ്യമന്ത്രി കൂടുതല്‍ വിയര്‍ക്കും” എന്ന വാചകം കൂടി കൂട്ടിച്ചേര്‍ത്താണ് അഖില്‍ വീഡിയോ പങ്കുവച്ചത്.

ഒരു ലക്ഷം രൂപ കൊടുത്തതിന്റെ സ്‌ക്രീന്‍ ഷോട്ടും അഖില്‍ മാരാര്‍ പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം മറ്റൊരു കുറിപ്പും സംവിധായകന്‍ പങ്കുവച്ചിട്ടുണ്ട്. ”എന്ത് തെമ്മാടിത്തരം കാണിച്ചാലും പഞ്ച പുച്ഛമടക്കി വോട്ട് ചെയ്യുന്ന കഴുതകള്‍ ആയ ജനങ്ങള്‍ ആണ് പലപ്പോഴും കമ്മ്യൂണിസ്‌റ് പാര്‍ട്ടിയുടെ ശക്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണം നല്‍കേണ്ട എന്ന വ്യക്തിപരമായ അഭിപ്രായം പറഞ്ഞതിന് എനിക്കെതിരെ കേസ് എടുത്തു…”

”ഒരാളോട് പോലും കൊടുക്കരുത് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല.. പകരം 3വീടുകള്‍ വെച്ചു നല്‍കും എന്ന് പറഞ്ഞു.. കണക്കുകള്‍ 6മാസത്തിനുള്ളില്‍ പ്രസിദ്ധീകരിച്ചാല്‍ വീട് വെയ്ക്കാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ തന്നെ ഇടാന്‍ തയ്യാറാണ് എന്ന് അന്ന് തന്നെ ഞാന്‍ പറഞ്ഞിരുന്നു…” എന്ന് പറഞ്ഞു കൊണ്ടുള്ള ദീര്‍ഘമായ കുറിപ്പാണ് അഖില്‍ മാരാര്ഡ പങ്കുവച്ചത്.