എന്റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണ്, കാരണം അറിയില്ല.. ആദര്‍ശ് നിഷ്‌ക്കളങ്കനല്ല, സൈബര്‍ കൊങ്ങിയാണ്: അഖില്‍ മാരാര്‍

‘പണി’ സിനിമയെ വിമര്‍ശിച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പിന്തുണയുമായി അഖില്‍ മാരാര്‍. ജോജുവുമായുള്ള അടുപ്പം കൊണ്ടല്ല, സിനിമയോടുള്ള താല്‍പര്യം കൊണ്ടാണ് താന്‍ സംസാരിക്കുന്നത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്. പണി സിനിമയുടെ പൂജ നടന്ന സമയത്ത് നിലവിളക്ക് കൊളുത്തിയ ഒരാളാണ് ഞാന്‍. പിന്നീട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയിട്ടുണ്ടായിരുന്നു. എഡിറ്റിങ് സമയത്തും കൂടെ ഉണ്ടായിരുന്നു. ആദര്‍ശ് നിഷ്‌ക്കളങ്കനായ വിദ്യാര്‍ത്ഥിയല്ല, ചാനല്‍ പ്രവര്‍ത്തകനും കോണ്‍ഗ്രസുകാരനുമാണ്. അതുകൊണ്ടാണ് സിനിമയെ ആക്രമിച്ചത് എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.

അഖില്‍ മാരാറിന്റെ വാക്കുകള്‍:

നിഷ്‌കളങ്കമായ അഭിപ്രായം പറച്ചില്‍ ആയിരുന്നില്ല മറിച്ച് പണി കൊടുക്കണം എന്ന കെപിസിസി വാര്‍ റൂം മെമ്പര്‍ ആയിരുന്ന ചാനലില്‍ ജോലി ചെയ്തിരുന്ന, ചുരുളി സിനിമ മികച്ചതായി തോന്നുകയും അതേസമയം ‘മാളികപ്പുറം’ സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത, ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിട്ട, ബിഗ് ബോസില്‍ റിയാസ് ആണ് യഥാര്‍ഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്കുവച്ച ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാര്‍ഥി ആയി കണ്ട് തെറ്റിദ്ധരിച്ചവര്‍ക്ക് വേണ്ടി. അറിഞ്ഞു കൊണ്ടുള്ള കരുതി കൂട്ടിയുള്ള പണിയില്‍ വീണ് പോയ ജോജു.

ഞാന്‍ ഈ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ജോജുവുമായുള്ള എന്റെ ബന്ധം ചര്‍ച്ചയായേക്കാം. അതുകൊണ്ട് തന്നെ ഒരുകാര്യം തുറന്നുപറഞ്ഞുകൊണ്ട് സംസാരിച്ചു തുടങ്ങാം. ഞാനും ജോജുവുമായി കഴിഞ്ഞ മൂന്ന് മാസമായി യാതൊരു ബന്ധവുമില്ല. വാട്ട്‌സാപ്പില്‍ പോലും ഞങ്ങള്‍ സംസാരിക്കാറില്ല. എന്റെ നമ്പര്‍ ജോജു ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്നാണ് എനിക്ക് അറിയില്ല.

ഈ സിനിമയുടെ പൂജ നടന്ന സമയത്ത് നിലവിളക്ക് കൊളുത്തിയ ഒരാളാണ് ഞാന്‍. പിന്നീട് ഷൂട്ടിങ് ലൊക്കേഷനില്‍ പോയിട്ടുണ്ടായിരുന്നു. സിനിമാ ഷൂട്ട് കഴിഞ്ഞ സമയത്തും എഡിറ്റിങ് സമയത്തും ഈ സിനിമ എണ്‍പത് ശതമാനത്തോളം കണ്ട ആളാണ് ഞാന്‍. പക്ഷേ പിന്നീട് ഇതുമായി ബന്ധപ്പെട്ട് യാതൊരു സഹകരണങ്ങളും എന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല, അവിടുന്ന് ഇങ്ങോട്ട് എന്നെ വിളിച്ചതുമില്ല. ഇപ്പോള്‍ പറയാന്‍ പോകുന്ന അഭിപ്രായം പൂര്‍ണമായും എന്റെ ശരികളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്ന അറിയിക്കാനാണ് ഇത്രയും തുറന്നു പറഞ്ഞത്.

ജോജു ജോര്‍ജിനോടുളള താല്‍പര്യം കൊണ്ടല്ല, സിനിമയോടുള്ള താല്‍പര്യം കൊണ്ടും അത് പൂര്‍ത്തിയാക്കാന്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കഷ്ടപ്പാട് അറിയാവുന്നതുകൊണ്ടുമാണ്. അഭിപ്രായം എന്ന് പറയുന്നത് ബോധപൂര്‍വം സിനിമയെ തകര്‍ക്കാനുള്ള പദ്ധതിയാണോ എന്ന് നിങ്ങളെ ബോധ്യപ്പെടുത്തുകയാണ് എന്റെ ഉദ്ദേശ്യം. അഭിപ്രായമാണോ ആക്രമണമാണോ നടന്നതെന്ന് എന്റെ ഒരു ദിവസത്തെ പഠനത്തിനുള്ളില്‍ കണ്ടെത്തിയ കാര്യങ്ങള്‍ നിങ്ങളോട് ഞാന്‍ പങ്കുവയ്ക്കുകയാണ്. ഇതില്‍ നിങ്ങള്‍ക്ക് അനുകൂലിക്കാം, എതിര്‍ക്കാം.

ഒരു നിഷ്‌കളങ്കനായ വിദ്യാര്‍ഥി സിനിമ കണ്ട് തന്റെ അഭിപ്രായം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു എന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്കു തെറ്റി. അത്ര നിഷ്‌കളങ്കനായ വിദ്യാര്‍ഥിയല്ല ആദര്‍ശ് എന്ന ചെറുപ്പക്കാരന്‍. ഇയാളൊരു ചാനല്‍ പ്രവര്‍ത്തകനും കോണ്‍ഗ്രസുകാരനുമാണ്. എന്നാല്‍ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി പോലും ഒന്നും ചെയ്യാത്ത സൈബര്‍ കൊങ്ങി ഗണത്തില്‍പെടുത്താവുന്ന വ്യക്തി. ഇങ്ങനെയൊരു സൈബര്‍ കോണ്‍ഗ്രസ് കൊങ്ങിക്ക് ജോജുവിനോട് വിരോധം ഉണ്ടാകുക സ്വാഭാവികമാണ്. അത് ജോജുവിനോടുള്ള വ്യക്തിപരമായ വിരോധമായിരുന്നെങ്കില്‍ ഈ വിഷയത്തില്‍ ഞാന്‍ ഇടപെടില്ലായിരുന്നു. പക്ഷേ ആത്യന്തികമായി ഈ സിനിമയ്‌ക്കെതിരെയാണ് അയാള്‍ ആക്രമിച്ചത്.

ജോജുവും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്‌നം നമുക്കെല്ലാം അറിയാവുന്നതാണ്. അന്ന് നേരിട്ടും സൈബര്‍ ഇടങ്ങളിലൂടെയും എത്രത്തോളം ആക്രമിക്കാമോ അത്രത്തോളം ജോജുവിനെ ആക്രമിച്ചു. 18 ലക്ഷം ഫോളോവേഴ്‌സുള്ള അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാം വരെ പൂട്ടിക്കെട്ടി പോകേണ്ടി വന്നു. ഒരുപക്ഷേ അന്ന് ഇതിന് ചുക്കാന്‍ പിടിച്ചവരുടെ കൂട്ടത്തില്‍പെട്ടവനാകാം ഈ ആദര്‍ശ്.

പിന്നീട് നാളുകള്‍ കഴിഞ്ഞു. ജോജുവിന് സംസ്ഥാന പുരസ്‌കാരം കിട്ടി. എന്നിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിനെതിരെ ആരോപണവുമായി എത്തി. ജോജു ജോര്‍ജിന് കമ്യുണിസ്റ്റ് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ കുടുംബം ഒരു കോണ്‍ഗ്രസ് കുടുംബവുമാണ്. പെട്ടന്നുണ്ടായ വികാരവിക്ഷോഭത്തില്‍ അന്ന് പ്രതികരിച്ചതുപോലെ ആയിരിക്കാം കഴിഞ്ഞ ദിവസവും സംഭവിച്ചത്.

മറ്റുള്ളവര്‍ അറിയണം എന്ന ഉദ്ദേശ്യത്തോടെയാണ് നമ്മള്‍ പല കാര്യങ്ങളും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നത്. പക്ഷേ അതേ പോസ്റ്റ് സിനിമാ ചര്‍ച്ചകള്‍ നടക്കുന്ന വിവിധ ഫെയ്‌സ്ബുക്ക് പോസ്റ്റുകളില്‍ ഇട്ടു. പോസ്റ്റ് ചെയ്യുക മാത്രമല്ല, ഈ സിനിമ കാണരുതെന്ന് പലരോടും കമന്റ് ചെയ്യുന്നു.

സിനിമയില്‍ റേപ്പ് സീന്‍ കാണിച്ചത് ശരിയായില്ലെന്നാണ് അയാള്‍ ഉയര്‍ത്തുന്ന പ്രധാന പ്രശ്‌നം. അത് സമൂഹത്തില്‍ ചെലുത്തുന്ന പ്രതിഫലനം വളരെ ഗുരുതരമാണെന്നും പറഞ്ഞുവയ്ക്കുന്നു. ആവേശം സിനിമ ഭയങ്കര ഹിറ്റായിരുന്നു. ഈ സിനിമയിലെ ചെറുപ്പക്കാരുടെ ജീവിതം കാണിച്ചുവച്ചിരിക്കുന്നതുപോലെ കുട്ടികള്‍ അനുകരിക്കാന്‍ തുടങ്ങിയാല്‍ എത്രത്തോളം അധപതനം ഇവിടെ ഉണ്ടാകുമെന്ന് ചര്‍ച്ചയില്‍ കൊണ്ടുവന്നിട്ടുണ്ടോ? ആത്യന്തികമായി ഇതൊരു സിനിമയാണെന്നും സമൂഹത്തില്‍ യാതൊരു ചലനങ്ങളും ഇതിനുണ്ടാക്കാന്‍ കഴിയില്ലെന്ന ബോധ്യമുള്ള മനുഷ്യരാണ് നമ്മളൊക്കെ. അതുകൊണ്ട് നമ്മളിത് കാണുന്നു, ആസ്വദിക്കുന്നു, കളയുന്നു.

മലയാളത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പോലെ പ്രേക്ഷകരെ സ്വാധീനിച്ച രണ്ട് നടന്മാരില്ല. മോഹന്‍ലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് സദയത്തിലെ സത്യനാഥന്‍. ഇയാള്‍ പെണ്‍കുട്ടികളെ കൊന്നുകളയുകാണ്. ഈ സിനിമ കണ്ട പ്രേക്ഷകര്‍ ആരെങ്കിലും ആ കഥാപാത്രത്തെ പോലെ ചിന്തിച്ചിട്ടുണ്ടോ?

ഈ ആദര്‍ശിന് ഇഷ്ടപ്പെട്ട ഒരു സിനിമയാണ് ചുരുളി. ഈ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ സിനിമയാണ് നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ കണ്ടാല്‍പോലെ എന്നായിരുന്നു അയാളുടെ പ്രതികരണം. ചുരുളി ഒടിടിയില്‍ ഇറങ്ങിയ സിനിമയാണ്. അങ്ങനെയെങ്കില്‍ ചുരുളിയില്‍ ഉപയോഗിച്ച പദ പ്രയോഗങ്ങള്‍ കേരളത്തിലെ പുതുതലമുറ ഏറ്റെടുക്കാനുള്ള സാധ്യത കൂടുതല്‍ ആയിട്ടുപോലും അത് സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രതിഫലനത്തെ കുറിച്ച് അദ്ദേഹത്തിനൊരു പ്രശ്‌നവുമില്ല.

മാളികപ്പുറം സിനിമ കുട്ടികള്‍ ഒരിക്കലും കാണരുതെന്നും എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും പറഞ്ഞ ആളാണ് ഈ ആദര്‍ശ്. എന്താണ് ഇവന്റെ സിനിമാ ആസ്വാദന ബോധ്യം. വയനാട്ടില്‍ എത്തി സഹായം നല്‍കിയ മോഹന്‍ലാലിനെ ആക്ഷേപിച്ച ചെകുത്താനെ അനുകൂലിച്ച് പോസ്റ്റ് ഇട്ടവനാണ് ആദര്‍ശ്. ഇയാളുടെ മനോനില ഏതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധിക്കേണ്ടതാണ്.

ഈ സിനിമയില്‍ ജോജുവിനേക്കാള്‍ കയ്യടി നേടിയത് സാഗറും ബോബി കുര്യനുമാണ്. എത്രയോ സിനിമാക്കാര്‍ ചിത്രത്തെ പ്രശംസിച്ചെത്തി. കമല്‍ഹാസന്‍, മണിരത്‌നം, അനുരാഗ് കശ്യപ്, ലിജോ ജോസ് വരെ ഇതിലുണ്ട്. സിനിമ ഇഷ്ടപ്പെടാത്ത ഒരു കൂട്ടം ആളുകളും ഉണ്ടാകാം.

പക്ഷേ ഇവിടെ സംഭവിച്ചത് അഭിപ്രായ പങ്കുവയ്ക്കല്‍ മാത്രമല്ല. മുന്‍കാലത്ത് കോണ്‍ഗ്രസുമായി ഏറ്റുമുട്ടിയ നടന്‍, അയാള്‍ സംവിധായകനായ സമയത്ത് അയാള്‍ക്ക് ലഭിക്കുന്ന ജനപ്രീതി കണ്ട് ഹാലിളകിയ ഒരു സൈബര്‍ കൊങ്ങിയുടെ ധീനരോധനമാണ് അയാള്‍ രേഖപ്പെടുത്തിയത്. ആദ്യം ജോജു വാട്‌സാപ്പില്‍ വിളിച്ചപ്പോള്‍ കട്ട് ചെയ്ത്, രണ്ടാമത് വിളിച്ചപ്പോള്‍ റെക്കോര്‍ഡ് ചെയ്ത് അത് പുറത്തുവിട്ടു.

സിനിമയെ ബോധപൂര്‍വം നശിപ്പിക്കാന്‍ നോക്കുന്ന കൃമികീടങ്ങളെ കൂടി നിങ്ങള്‍ തിരിച്ചറിയണം. നിങ്ങള്‍ ആരെയും അനുകൂലിക്കണമെന്നോ എതിര്‍ക്കണമെന്നോ ഞാന്‍ പറയില്ല. പക്ഷേ ഒരുവന് മാനസികമായി ഉണ്ടാകുന്ന വികാരവിക്ഷോഭങ്ങളെ കൂടി മനസ്സിലാക്കണം. നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്നുതോന്നുന്ന ഒരുകാര്യത്തെക്കുറിച്ച് മോശം പറയുമ്പോള്‍ തീര്‍ച്ചയായും വിഷമം വരും. അയാളുടെ ഭാഗം കൂടി നിങ്ങള്‍ ചിന്തിക്കണം.

20 കോടിയലധികം പണം മുടക്കി എടുത്ത സിനിമയാണിത്. അതില്‍ പകുതിയലധികം പൈസയും പലിശയ്ക്കും ബ്ലേഡിനെടുത്തും മേടിച്ചതാണെന്നും എനിക്കറിയാം. ഇന്നലെകളില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ സംസാരിച്ച ഒരുവനെ ഞങ്ങള്‍ തിരിച്ചു പണിയുമെന്നു പറഞ്ഞ് നടന്ന ചര്‍ച്ചയുടെ ഭാഗം കൂടിയാണോ ആദര്‍ശ് എന്ന് ചിന്തിക്കേണ്ടതുണ്ട്. അധികം വാഴ്ത്തിപ്പാടേണ്ട ഒരുകാര്യവും ഈ ചെറുപ്പക്കാരനില്ല. ഇയാളൊരു മാധ്യമ പ്രവര്‍ത്തകനാണ് യുവജന ക്ഷേമ കമ്മിഷന്റെ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള, അത്യാവശ്യം സംസാരിക്കാന്‍ ഒരാള്‍. ജോജുവിന്റെ പ്രഫഷന്‍ സിനിമയും എഴുത്തുമൊക്കെയാണ്. ആ മേഖലയില്‍ അയാള്‍ ശോഭിക്കുന്നു. വ്യക്തിപരമായ അയാളുടെ പ്രശ്‌നങ്ങളും കുഴപ്പങ്ങളും ചര്‍ച്ച ചെയ്യുന്നതിനൊപ്പം തന്നെ ഇത്തരം കൃമികീടങ്ങളെയും സമൂഹം തിരിച്ചറിയണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ