'മോദി ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ളുവന്‍സര്‍, അദ്ദേഹത്തിന്റെ വാക്കുകള്‍ സിനിമ മേഖലയ്ക്ക് ഗുണകരം'; അക്ഷയ് കുമാര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് നടന്‍ അക്ഷയ് കുമാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഫ്‌ലുവന്‍സര്‍ മോദിയാണെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നുമാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. ഇത് സിനിമ മേഖലയ്ക്ക് നല്ലതാണെന്നും നടന്‍ അവകാശപ്പെട്ടു. ജനുവരി 17ന് ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ സിനിമകളെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്നും വിട്ടു നില്‍ക്കാന്‍ പ്രധാനമന്ത്രി മോദി ബിജെപി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി ഇത്തരത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ ആ പൊസിറ്റീവ് കാര്യത്തെ സ്വാഗതം ചെയ്യണം. അദ്ദേഹം ഇന്ത്യയുടെ ഏറ്റവും സ്വാധീന ശേഷിയുള്ള വ്യക്തിയാണ്. നമ്മള്‍ സിനിമ ഉണ്ടാക്കുന്നു, അത് സെന്‍സര്‍ ബോര്‍ഡ് കാണുന്നു. അവര്‍ അത് അംഗീകരിക്കുന്നു. എന്നാല്‍ ആരെങ്കിലും എന്തെങ്കിലും പറയുന്നതോടെ വിവാദമാകുന്നു. ഇപ്പോള്‍ അദ്ദേഹം പ്രതികരിച്ചു. അത് നമ്മുക്ക് നല്ലതാണെന്ന് ഞാന്‍ കരുതുന്നു’ – അക്ഷയ് കുമാര്‍ പറഞ്ഞു.

സുരാജ് വെഞ്ഞാറമൂട് – പൃഥ്വിരാജ് കോംബോയില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സി’ന്റെ ഹിന്ദി റീമേക്ക് ആണ് സെല്‍ഫി. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസന്‍സ് 2019ല്‍ ആണ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം തിയറ്ററുകളില്‍ വലിയ വിജയമായിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് സെല്‍ഫിയുടെ നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമാണിത്.