ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് എം സി ജോസഫൈന് വനിതാ കമ്മീഷന്‍ അധ്യക്ഷ സ്ഥാനം രാജി വയ്ക്കേണ്ടി വന്നത്. ഇപ്പോഴിതാ, ബിഹൈന്‍വുഡിന് നല്‍കിയ അഭിമുഖത്തില്‍ ജോസഫൈനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍.
സ്ത്രീധനത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളും വിവാദങ്ങളും പുതിയതല്ലെന്നും പണ്ടുമുതല്‍ക്കേ ഇതെല്ലാമുണ്ടെന്നും അലന്‍സിയര്‍ പറയുന്നു. ഒരാള്‍ പരാതി പറയുമ്പോള്‍ അതിനെ ആക്ഷേപിച്ച് പറയുന്നത് വളരെ മോശമാണെന്ന് പറഞ്ഞ അലന്‍സിയര്‍ ജോസഫൈനെ പോലെ രാജിവെയ്ക്കാന്‍ യോഗമുള്ള ആളുകള്‍ ഇനിയുമുണ്ടെന്ന് പരിഹസിച്ചു.
“വിവാദങ്ങള്‍ വേദനിപ്പിക്കാറുണ്ട്. എനിക്ക് തിരിച്ച് ചീത്ത വിളിക്കാന്‍ അറിയാഞ്ഞിട്ടല്ല, അറിവില്ലാത്തവരോട് ചുമ്മാ എന്തിനാ എന്ന് കരുതിയിട്ടാ. ജീവിതം കെട്ടിപ്പെടുക്കണമെന്ന് ആഗ്രഹിച്ച ആളല്ല ഞാന്‍. സ്ത്രീധന വിഷയങ്ങളൊക്കെ വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ ആയ ജോസഫൈന്‍ പറഞ്ഞ വാക്കുകള്‍ സങ്കടകരമാണ്. ഒരാള്‍ പരാതി പറയുമ്പോള്‍ അതിനെ ആക്ഷേപിച്ച് പറയുന്നത് വളരെ മോശമാണ്. ജോസഫൈനെ പോലെ രാജിവെയ്ക്കാന്‍ യോഗമുള്ള ആളുകള്‍ ഇനിയുമുണ്ട്. ഞങ്ങളുടെ നാട്ടില്‍ പുരുഷന്മാര്‍ക്ക് ആണ് പരാതി പറയേണ്ടി വരിക. അതില്‍ ഞാന്‍ അഭിമാനിക്കുന്നു.
കഴിച്ചിട്ട് സ്വന്തം പാത്രം കഴുകാന്‍ ശീലിപ്പിച്ചതാണ് ഞങ്ങളെ. അതാണ് ഞങ്ങളുടെ നാടിന്റെ സംസ്‌കാരം. എന്റെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊക്കെയാണ് ഭൂമിയുടെ അവകാശം. എന്റെ നാട്ടില്‍ ആണുങ്ങള്‍ക്ക് ഭൂമിയുടെ അവകാശമില്ല. എനിക്കുമില്ല. സ്ത്രീധന വിഷയം എല്ലാക്കാലത്തും ഉണ്ടായിരുന്നു. അത് പുതിയ വാര്‍ത്തയല്ല. എല്ലാ കാലത്തും സ്ത്രീകള്‍ അനുഭവിച്ചിട്ടുള്ള വേദനകളും പ്രശ്‌നങ്ങളും വലുതാണ്”, അലന്‍സിയര്‍ പറഞ്ഞു.