മലയാളത്തിൽ നിന്ന് നിരവധി അഭിനേതാക്കൾ രജനികാന്ത് നായകനായെത്തിയ ‘വേട്ടയ്യൻ’ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. നടൻ അലൻസിയറും ചിത്രത്തിൽ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം ലഭിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അലൻസിയർ ഇപ്പോൾ. ‘നാരായണീന്റെ മൂന്നാണ്മക്കൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിലാണ് നടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
‘നിങ്ങൾ എന്റെ ജീവിതത്തിൽ നടന്ന കാര്യം അറിഞ്ഞിരുന്നോ? നിങ്ങൾ ഇത്രയും നേരം ജോജുവിനോട് തമിഴ് സിനിമയിൽ അഭിനയിച്ച കാര്യമൊക്കെ ചോദിച്ചു. എന്നാൽ ഞാൻ ‘വേട്ടയ്യനി’ൽ അഭിനയിച്ച കാര്യം നിങ്ങൾ അറിഞ്ഞോ? രജിനികാന്ത്, അമിതാഭ് ബച്ചൻ എന്നിവർക്കൊപ്പം ഞാൻ അഭിനയിച്ചു. മുംബൈ വരെ ഫ്ലൈറ്റ് ടിക്കറ്റ് തന്നാണ് എന്നെ കൊണ്ടു പോയത്. ഒരു തുറന്ന പുസ്തകം പോലെ പറയുകയാണ്’
‘എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല. ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും തന്നു. ഞാൻ അവിടെ ചെന്നിട്ട് ജഡ്ജി വേഷത്തിൽ ഇരിക്കണം. തമാശയാണ്. ഇനി ഇത് പറഞ്ഞതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. അമിതാഭ് ബച്ചനും രജിനികാന്തും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണമെന്ന് മോഹിച്ച് മാത്രം പോയതാണ്. അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ, തമിഴ് കീഴടക്കണമെന്നോ എന്നൊന്നും എനിക്ക് താല്പര്യമില്ല’ എന്നും നടൻ പറഞ്ഞു.