സുരേഷ് ഗോപി നല്ല മനുഷ്യനായതു കൊണ്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് നടന്‍ അലന്‍സിയര്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ സുരേഷ് ഗോപിക്ക് വോട്ട് ചെയ്തത് എന്നാണ് അലന്‍സിയര്‍ പറയുന്നത്.
”സുരേഷ് ഗോപിക്ക് എന്താ ജയിച്ചു കൂടെ? ഇന്ത്യ ഭരിക്കാന്‍ ബിജെപിക്ക് അധികാരമുണ്ടെങ്കില്‍ കേരളത്തില്‍ സുരേഷ് ഗോപിക്ക് ജയിക്കാന്‍ അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യന്‍ പൗരനല്ലേ? ബിജെപി എന്ന പാര്‍ട്ടിയെ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കില്‍ പറയാം, അദ്ദേഹത്തിന് ജയിക്കാന്‍ അവകാശമില്ലെന്ന്.”
”അദ്ദേഹം നല്ല മനുഷ്യനായതു കൊണ്ടാണ് വിജയിച്ചത്. ഞാന്‍ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാര്‍ വോട്ടിട്ടത്. പിന്നെ കോണ്‍ഗ്രസുകാരുടെ പറ്റിപ്പും” എന്നാണ് അലന്‍സിയര്‍ പറയുന്നത്.
‘ഗോളം’ എന്ന സിനിമയുടെ പ്രത്യേക ഷോ കാണാന്‍ തിയേറ്ററില്‍ എത്തിയപ്പോഴായിരുന്നു അലന്‍സിയറിന്റെ പ്രതികരണം. അതേസമയം, വമ്പന്‍ വിജയമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി നേടിയത്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി മണ്ഡലത്തില്‍ വിജയിച്ചത്.
2014, 2019ലും തൃശൂരില്‍ നിന്ന് വന്‍ തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് സുരേഷ് ഗോപി ഇപ്രാവശ്യം ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുന്നത്. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക് എത്തുമെന്നാണ് സൂചനകള്‍. മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്ന ഞായറാഴ്ച സുരേഷ്ഗോപിയും സത്യപ്രതിജ്ഞ ചെയ്യും.