മലബാര്‍ കലാപം പശ്ചാത്തലമാക്കി ഒരുക്കുന്ന ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമ കിഡ്‌നി വിറ്റിട്ടായാലും പൂര്‍ത്തിയാക്കുമെന്ന് സംവിധായകന്‍ അലി അക്ബര്‍. സംവിധായകന്‍ ബിജെപി സംസ്ഥാന സമിതി അംഗത്വം രാജി വെച്ചതിന് പിന്നാലെ നടത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് അലി അക്ബര്‍ സിനിമയെ കുറിച്ച് പറഞ്ഞത്.
”പുഴ മുതല്‍ പുഴ വരെയുടെ പ്രവര്‍ത്തനവുമായി ഞാന്‍ മുന്നോട്ട് പൊയി കൊണ്ടിരിക്കുകയാണ്. മമധര്‍മ്മ അതിന്റെ അവസാനത്തെ ലാപ്പിലാണ്. കിഡ്‌നി കൊടുത്തിട്ടാണെങ്കിലും പുഴ മുതല്‍ പുഴ വരെ തീര്‍ക്കും. അതില്‍ യാതൊരു സംശയവും വേണ്ട. അത് നിന്നു പോകുമെന്ന ആഗ്രഹം ആര്‍ക്കും വേണ്ട. ഒരു കാര്യം പറഞ്ഞാല്‍ ജയിക്കാന്‍ വേണ്ടിത്തന്നെ മുന്നില്‍ നില്‍ക്കും” എന്നാണ് അലി അക്ബര്‍ പറയുന്നത്.
ബിജെപിയുടെ സംസ്ഥാന സമിതി അംഗത്വം മാത്രമാണ് രാജി വെച്ചിട്ടുള്ളതെന്നും ഒരു സാധാരണ പാര്‍ട്ടി അംഗമായി തുടരുമെന്നും അലി അക്ബര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു മുസല്‍മാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ നിലകൊള്ളുമ്പോള്‍ അനുഭവിക്കേണ്ടി വരുന്ന തെറിവിളികള്‍, സ്വകുടുംബത്തില്‍ നിന്നും സമുദായത്തില്‍ നിന്നും നേരിടേണ്ടി വരുന്ന അവഹേളനം ഇതൊക്കെ രാഷ്ട്രീയ നേതൃത്വത്തിനു മനസ്സിലാവണം എന്ന് പറഞ്ഞാണ് സംവിധായകന്റെ പോസ്റ്റ്.
പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്. തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയംകുന്നന്‍ എന്ന നായക കഥാപാത്രമായി വേഷമിടുന്നത്. ജോയ് മാത്യുവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. വയനാട് ആണ് പ്രധാന ലൊക്കേഷന്‍.