'എന്ന് നിന്റെ മൊയ്തീൻ' സംവിധായകൻ ആർ എസ് വിമൽ മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി യുവതി

ഹേമ കമ്മീഷൻ റിപ്പോർട്ടിന് പിന്നാലെ നിരവധി തുറന്നുപറച്ചിലുകളും രാജികളുമാണ് സിനിമാ- സാംസ്കാരിക മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയാള സിനിമാ ഇൻഡസ്ട്രി എത്രത്തോളം പുരുഷ മേധാവിത്വം നിറഞ്ഞതും ലൈംഗികാതിക്രമം നിറഞ്ഞതുമാണെന്ന് ഇപ്പോൾ വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ‘എന്ന് നിന്റെ മൊയ്ദീൻ’ സിനിമയുടെ സംവിധായകൻ ആർ. എസ് വിമലിൽ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവതി. സിനിമയിൽ നിന്നുള്ള സ്ത്രീകൾക്ക് മാത്രമല്ല, പുറത്തുനിന്നുള്ള സ്ത്രീകൾക്കും അതിക്രമം നേരിടുന്നുണ്ടെന്ന് നേരത്തെ നടൻ തിലകന്റെ മകൾ സോണിയ തിലകൻ പറഞ്ഞിരുന്നു. അതിനെ സാധൂകരിക്കുന്നതാണ് ഇപ്പോൾ യുവതിയുടെ വെളിപ്പെടുത്തൽ.

ആർ. എസ് വിമലിന്റെ വീട്ടിൽ ജോലിക്ക് താൻ പോയിരുന്നുന്നെന്നും, എന്നാൽ 55 വയസിന് മുകളിലുള്ള സ്ത്രീകളെ മാത്രം ജോലിക്ക് മതിയെന്ന സംവിധായകന്റെ ഭാര്യയുടെ തീരുമാനത്തെ തുടർന്ന് തനിക്ക് ജോലി മതിയാക്കി തിരിച്ചുപോരേണ്ടി വന്നെന്നും എന്നാൽ പിന്നീട് ആർ. എസ് വിമൽ തന്നെ വിളിച്ച് ചെന്നൈയിലേക്ക് വരുന്നോയെന്നും അഡ്ജസ്റ്റ് ചെയ്താൽ സിനിമയിൽ അവസരം തരാമെന്ന് വാഗ്ദാനം ചെയ്തുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ യുവതി വെളിപ്പെടുത്തുന്നു.

അതേസമയം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ മലയാള സിനിമയെ നയിക്കുന്നത് പ്രമുഖ നടന്റെ മാഫിയ ആണെന്നും, അവർക്ക് സിനിമയിൽ എന്തും ചെയ്യാൻ സാധിക്കുമെന്നും, അവരുടെ സ്വാധീനം ഉപയോഗിച്ച് സംവിധായകരെയും നിർമ്മാതാക്കളെയും എഴുത്തുകാരെയും താരങ്ങളെയും നിയന്ത്രിക്കുന്നുവെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നവരെ സിനിമയിൽ നിന്നും വിലക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിലെ പുരുഷ മേധാവിത്വവും, സ്ത്രീ വിരുദ്ധതയും തെളിവുകളുടെ അടിസ്ഥാനത്തിൽ 233 പേജുകൾ ഉള്ള റിപ്പോർട്ടിൽ വെളിപ്പെടുമ്പോൾ വലിയ പ്രാധാന്യത്തോടെയാണ് കേരള സമൂഹം ഇപ്പോൾ ചർച്ചചെയ്യുന്നത്.

Read more

മോഹൻലാൽ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ‘ലൂസിഫർ’ സിനിമയുടെ സെറ്റിൽ എത്തി കമ്മീഷൻ മൊഴി രേഖപ്പെടുത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാള സിനിമയിൽ സ്ത്രീകൾ നിരന്തരം ലൈംഗികാതിക്രമങ്ങളും, മനുഷ്യാവകാശ ലംഘനങ്ങളും നേരിടുന്നുണ്ടെന്നും കരിയർ അവസാനിപ്പിക്കുമെന്ന ഭീഷണിയുടെ പുറത്താണ് പലരും നേരിട്ട അതിക്രമങ്ങൾ പുറത്തുപറയാത്തതെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാവാത്ത കുട്ടികൾ വരെ സിനിമയുടെ പേരിൽ അതിക്രമത്തിന് ഇരയാവുന്നുണ്ടെന്നാണ് ഹേമ കമ്മീഷൻ പറയുന്നത്. അറുപതോളം പേജുകൾ വിവരാവകാശ നിയമപ്രകാരം പുറത്തുവിട്ടിട്ടില്ല. 49ാം പേജിലെ 96ാം പാരഗ്രാഫും 81 മുതല്‍ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. 165 മുതല്‍ 196 വരെയുള്ള പേജുകളില്‍ ചില പാരഗ്രാഫുകള്‍ വെളിപ്പെടുത്തിയിട്ടില്ല. മൊഴികള്‍ അടക്കമുള്ള അനുബന്ധ റിപ്പോര്‍ട്ടും പുറത്തുവിട്ടിട്ടില്ല.