പിക്കറ്റ് 43 പോലെ ഒരു സിനിമ ചെയ്തുകൂടെയെന്ന് എന്ന് മേജര്‍ രവിയോട് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. അത്തരമൊരു ചിത്രം ചെയ്യാന്‍ താന്‍ ഇനി പൃഥ്വിരാജിനോട് പറയണോ എന്നും അല്‍ഫോണ്‍സ് പുത്രന്‍ ചോദിക്കുന്നു.
”മേജര്‍ രവി സാര്‍.. ദയവായി പിക്കറ്റ് 43 പോലൊരു സിനിമ വീണ്ടും ചെയ്യൂ. ഈ ചിത്രം കണ്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. യുദ്ധത്തെക്കുറിച്ചുള്ള സിനിമയാണ് പിക്കറ്റ് 43 എന്നാണു ഞാന്‍ കരുതിയത്, പക്ഷേ ചിത്രം കണ്ടു തുടങ്ങിയപ്പോള്‍ ആ ധാരണയെല്ലാം മാറി. താങ്കളെപ്പോലെ ധീരനായ ഒരു ഓഫിസറില്‍ നിന്ന് പട്ടാളക്കാരെക്കുറിച്ച് വളരെ വ്യത്യസ്തമായൊരു ഉള്‍ക്കാഴ്ചയാണ് ചിത്രം തന്നത്.
അത്തരമൊരു ചിത്രം വീണ്ടും ചെയ്യാന്‍ ഞാനിനി പൃഥ്വിരാജിനോട് പറയേണ്ടി വരുമോ. ഹൃദയസ്പര്‍ശിയായ വളരെ നല്ലൊരു സിനിമയായിരുന്നു അത്. ഞാന്‍ വെറുതെ വിഡ്ഢിത്തം പറയുകയല്ലെന്ന് ഈ പോസ്റ്റിനു കിട്ടുന്ന ലൈക്കുകളില്‍ നിന്ന് താങ്കള്‍ക്ക് മനസിലാകും’. അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.
‘പ്രിയ സഹോദരാ, പിക്കറ്റ് 43 എനിക്കുമൊരു അദ്ഭുതമായിരുന്നു. അതെന്റെ ഹൃദയമായിരുന്നു. കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ അത്തരത്തിലുള്ള ഒരു കാര്യത്തിനു പിന്നാലെയാണ്. ഞാനത് ഉടന്‍ തന്നെ വെളിപ്പെടുത്തും. നിങ്ങള്‍ക്കും അതും ഇഷ്ടപ്പെടുമെന്ന് കരുതുന്നു. അത്തരമൊരു പ്രഖ്യാപനവുമായി മാത്രമേ ഞാന്‍ മടങ്ങിവരൂ. ലവ് യു ബ്രോ, ഉടന്‍ തന്നെ നമുക്ക് നേരില്‍ കാണാം. ജയ്ഹിന്ദ്.”- മേജര്‍ രവി മറുപടിയായി പറഞ്ഞു.
മേജര്‍ രവി സംവിധാനം ചെയ്ത് 2015ല്‍ പുറത്തിറങ്ങിയ പിക്കറ്റ് 43യില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. മേജര്‍ രവിയുടെ സ്ഥിരം യുദ്ധ സിനിമകളില്‍ നിന്ന് വ്യത്യസ്തമായി സൈനികരുടെ ജീവിതത്തിന്റെ വൈകാരിക തലങ്ങള്‍ വെളിപ്പെടുത്തിയ സിനിമ കൂടിയായിരു്ന്നു.