ഏറ്റവും പുതിയ ചിത്രമായ ‘ലെവൽക്രോസിന്റെ’ പ്രൊമോഷനുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് ആൽബർട്സ് കോളേജിൽ എത്തിയ അമല പോളിനെതിരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. ചടങ്ങിൽ അമല പോൾ ധരിച്ച വസ്ത്രത്തെ ബന്ധപ്പെടുത്തിയാണ് താരത്തെ അധിക്ഷേപിച്ചത്. കൂടാതെ തീവ്ര ക്രിസ്ത്യൻ സംഘടനയായ കാസയും അമല പോളിനെതിരെ രംഗത്തുവന്നിരുന്നു.
ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അമല പോൾ. താൻ ധരിച്ച വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്നോ, ഉചിതമല്ലാത്തതാണെന്നോ തനിക്ക് തോന്നുന്നില്ലെന്നാണ് അമല പോൾ പറയുന്നത്.
“ആ വസ്ത്രത്തിന് എന്തെങ്കിലും പ്രശ്നമുണ്ടെന്നോ ഉചിതമല്ലാത്തതാണെന്നോ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ചിരിക്കുന്ന വിധം അനുചിതമായിരിക്കും. എങ്ങനെയാണ് വസ്ത്രം പ്രദർശിപ്പിക്കപ്പെട്ടത് എന്ന കാര്യം എന്റെ നിയന്ത്രണത്തില്ലല്ലോ. നിങ്ങൾ നിങ്ങളായിരിക്കുക എന്ന സന്ദേശമാണ് കോളേജിൽ പോകുമ്പോൾ എനിക്ക് നൽകാനുള്ളത്.” എന്നാണ് അമല പോൾ മാധ്യമങ്ങളോട്പ്രതികരിച്ചത്.
ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് സംവിധാനം ചെയ്യുന്ന ‘ലെവൽ ക്രോസ്’ ജൂലൈ 26-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ആസിഫ് അലി, അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഗംഭീര മേക്ക്ഓവറിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്.
സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ആസിഫ് അലിയുടെ കരിയർബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്.