'ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ ആളാണ് ആസിഫ് അലി'; പിന്തുണയുമായി അമല പോൾ

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതേസമയം രമേശ് നാരായണനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്. ഇപ്പോഴിതാ ആസിഫ് അലിയെ പിന്തുണച്ച് അമല പോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.

“ആസിഫ് അലിക്ക് കഴിഞ്ഞ ദിവസം ഒരു ദുരനുഭവം ഉണ്ടായി. ആ വിഷയം ആസിഫ് കൈകാര്യം ചെയ്ത രീതിയിൽ അഭിമാനമുണ്ട്. ജീവിതത്തിൽ ഒരുപാട് പ്രതിസന്ധിഘട്ടങ്ങളിലൂടെ കടന്നുപോയ ആളാണ് ആസിഫ് അലി.” എന്നാണ് അമല പോൾ ആസിഫ് അലിയെ കുറിച്ച് പറഞ്ഞത്. അമല പോൾ, ആസിഫ് അലി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ലെവൽ ക്രോസ് ആണ് പുതിയ ചിത്രം.

ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഷറഫുദ്ദീനും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗംഭീര മേക്ക്ഓവറിലാണ് ചിത്രത്തിൽ ആസിഫ് അലി എത്തുന്നത്.

സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആസിഫ് അലിയുടെ കരിയർബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്.