മറൈന്‍ഡ്രൈവിലെ ആ ബഞ്ചിലായിരുന്നു എന്റെ അന്തിയുറക്കം, ചുറ്റും വൃത്തികെട്ട എലികളും: അമിതാഭ് ബച്ചന്‍

സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത് ബിഗ് ബി അമിതാഭ് ബച്ചന് പരസ്യത്തില്‍ അഭിനയിക്കുന്നതിനോട് ഒട്ടും തന്നെ താല്‍പര്യമുണ്ടായിരുന്നില്ല. തനിക്ക് ചെലവിനുള്ള പണം കണ്ടെത്താനായി ടാക്സി ഓടിക്കേണ്ടി വന്നാലും തെരുവില്‍ ഉറങ്ങേണ്ടി വന്നാലും താന്‍ പരസ്യത്തില്‍ അഭിനയിക്കില്ലെന്നായിരുന്നു അന്ന് ബച്ചന്‍ തീരുമാനിച്ചിരുന്നത്. ഒരിക്കല്‍ പതിനായിരം രൂപ പ്രതിഫലം നല്‍കാമെന്ന് പറഞ്ഞൊരു പരസ്യം താന്‍ നിരസിച്ചിരുന്നുവെന്നും ഒരു അഭിമുഖത്തില്‍ ബച്ചന്‍ വെളിപ്പെടുത്തി. 1960 കളില്‍ പതിനായിരം എന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര വലിയൊരു പ്രതിഫലമായിരുന്നു.

”ധാരാളം അവസരങ്ങളുണ്ടായിരുന്നു. ഒരു പരസ്യ ഏജന്‍സി എന്നെ സമീപിച്ചിരുന്നു. ഒരു പരസ്യത്തിന് പതിനായിരം രൂപയായിരുന്നു എനിക്കവര്‍ വാഗ്ദാനം ചെയ്തത്. അന്ന് അമ്പത് രൂപ പ്രതിഫലം വാങ്ങിയിരുന്ന എനിക്കത് വളരെ വലിയ തുകയായിരുന്നു.

പക്ഷെ പരസ്യത്തില്‍ അഭിനയിക്കുന്നതോടെ എന്നില്‍ നിന്നും എന്തോ നഷ്ടമാകുമെന്നൊരു തോന്നലില്‍ ഞാന്‍ ആ അവസരം നിഷേധിച്ചു” ബോംബൈയില്‍ വന്നത് എന്റെ ഡ്രൈവിംഗ് ലൈസന്‍സും കൊണ്ടാണ്. നടന്‍ ആയില്ലെങ്കില്‍ ടാക്സി ഡ്രൈവര്‍ ആകും. അഭിനയിക്കുക മാത്രമായിരുന്നു ലക്ഷ്യം” എന്നും ബച്ചന്‍ പറഞ്ഞു.

”എനിക്ക് താമസിക്കാന്‍ ഒരിടം പോലും ഉണ്ടായിരുന്നില്ല. എല്ലായിപ്പോഴും സുഹൃത്തുക്കളുടെ വീട്ടില്‍ കിടന്നുറങ്ങാനാകില്ല. അതിനാല്‍ ഞാന്‍ പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് മറൈന്‍ ഡ്രൈവിലെ ബെഞ്ചിലായിരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും വലിയ എലികളായിരുന്നു അവിടെയുണ്ടായിരുന്നത്” എന്നും ബച്ചന്‍ പറഞ്ഞു. എന്തായാലും തന്റെ നിലപാടിലുറച്ചു നിന്ന ബച്ചന്‍ തന്റെ ലക്ഷ്യം നേടുകയും ചെയ്തു.