സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല, തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും വിളിച്ച് വോട്ട് ചോദിക്കുകയാണ്: മണിയന്‍പിള്ള രാജു

താരസംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ തുടങ്ങി. നീണ്ട കാലത്തിന് ശേഷം നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പാണ് ഇത്തവണ ജനറല്‍ ബോഡി യോഗത്തെ ശ്രദ്ധേയമാക്കുന്നത്. ഔദ്യോഗിക പാനലിനെ അംഗീകരിക്കുകയാണ് താരസംഘടനയിലെ പതിവ് എങ്കിലും ഇത്തവണ പുറത്തു നിന്നും സ്ഥാനാര്‍ത്ഥികളുണ്ട്.

അമ്മ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സിദ്ധിഖ് ട്രഷററായും ജയസൂര്യ ജോ.സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

അമ്മ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒദ്യോഗിക പാനലില്‍ നിന്നും ആശ ശരത്തും ശ്വേതാ മേനോനുമെതിരെ മണിയന്‍പിള്ള രാജുവും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഔദ്യോഗിക പാനലിനെതിരെ ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരും മത്സരിക്കുന്നുണ്ട്.

ഉച്ചയ്ക്കുശേഷം വിജയികളെ പ്രഖ്യാപിക്കും. അതേസമയം, ഔദ്യോഗിക പാനലിന് വേണ്ടി വോട്ട് തേടി നടന്‍ സിദ്ധിഖ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് പോസ്റ്റിനെതിരെ വിമര്‍ശനവുമായി മണിയന്‍പിള്ള രാജുവും ഷമ്മി തിലകനും രംഗത്തെത്തി.

”എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരെ സിദ്ദിഖ് പോസ്റ്റിട്ടത് ശരിയായ നടപടിയല്ല. ഇതില്‍ ശക്തമായ പ്രതിക്ഷേധമുണ്ട്. വളരെ മോശമായ കാര്യമാണ് സിദ്ദിഖ് ചെയ്തത്. മത്സരം നടക്കുന്നത് സംഘടനയില്‍ ഉണര്‍വുണ്ടാക്കിയിട്ടുണ്ട്. നീണ്ട കാലത്തിന് ശേഷമാണ് അമ്മയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.”

Read more

”ഷൂട്ടിംഗ് ലൊക്കേഷനില്‍ തമ്മില്‍ കണ്ടാല്‍ മിണ്ടാത്തവര്‍ പോലും ഇപ്പോള്‍ വിളിച്ചു വോട്ട് ചോദിക്കുന്ന നിലയായി. ആരേയും താഴ്ത്തിക്കെട്ടി ഞാന്‍ വോട്ടു ചോദിച്ചിട്ടില്ല. ഞാന്‍ മത്സരിക്കുന്നുണ്ട്” എന്നാണ് മണിയന്‍പിള്ള രാജു മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.