എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. അതേസമയം രമേശ് നാരായണനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നുവരുന്നുണ്ട്.
ഇപ്പോഴിതാ ആസിഫ് അലിക്ക് പിന്തുണയുമായി താരസംഘടനയായ അമ്മ രംഗത്തെത്തിയിരിക്കുകയാണ്. ‘ആട്ടിയകറ്റിയ ഗർവിനോട് നീ ചിരിച്ച ചിരിയാണ് യഥാർത്ഥ സംഗീതമെന്ന’ കുറിപ്പോട് കൂടിയാണ് അമ്മ സോഷ്യൽ മീഡിയയിൽ ആസിഫ് അലിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
View this post on Instagram
അതേസമയം ആസിഫ് അലിയുടെ പക്വമായ ഇടപെടലിന് നിരവധി പേരാണ് കയ്യടിക്കുന്നത്. ഇത്തരമൊരു വലിയ അപമാനം ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട ആസിഫിനോടുള്ള സ്നേഹം ഇന്നത്തെ ദിവസത്തോടുകൂടി വർദ്ധിച്ചുവെന്നാണ് സോഷ്യൽ മീഡിയയിൽ മലയാളികൾ ഒന്നടങ്കം പറയുന്നത്. എന്നാൽ ആസിഫ് അലി തനിക്ക് ആണോ അതോ താൻ ആസിഫ് അലിക്ക് ആണോ മൊമന്റോ നൽകേണ്ടത് എന്ന് മനസിലായില്ല, അതുകൊണ്ടാണ് ജയരാജിനെ വിളിച്ച് അത് സ്വീകരിച്ചതെന്നും, ആസിഫ് അലിയെ അപമാനിച്ചില്ലെന്നുമാണ് രമേശ് നാരായണൻ പറയുന്നത്.
Read more
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ ഓണത്തിനാണ് സീ 5-ലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനമായ ഇന്നലെ പുറത്തുവിട്ടു. കമൽ ഹാസനാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്.