വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ’12th ഫെയിൽ’ എന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ഇതിനോടകം ചിത്രത്തിന് നിരവധി പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്.
രോഹിത് ഷെട്ടി, അനുരാഗ് കശ്യപ്, ഹൃത്വിക് റോഷൻ, റാണി മുഖർജി, കത്രീന കൈഫ്, ജാൻവി കപൂർ തുടങ്ങീ നിരവധി താരങ്ങൾ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
ഈ വർഷം ഒറ്റ സിനിമ മാത്രമാണ് നിങ്ങൾ കാണുന്നതെങ്കിൽ, ആ ഒരെണ്ണം 12th ഫെയിൽ ആകട്ടെ എന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. ലോകത്തിലെ ഏറ്റവും മികച്ച മത്സരപരീക്ഷകളിൽ ഒന്നായി വിജയിക്കാൻ അസാധാരണമായ പ്രതിബന്ധങ്ങൾക്കെതിരെ പോരാടുന്ന, വിജയം രുചിക്കാനാഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളുടേയും കഥയാണിത് എന്നും എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആനന്ദ് മഹീന്ദ്ര പറയുന്നു.
“ഒടുവിൽ ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ‘12th ഫെയിൽ’ കണ്ടു. ഈ വർഷം ഒറ്റ സിനിമ മാത്രമാണ് നിങ്ങൾ കാണുന്നതെങ്കിൽ, ആ ഒരെണ്ണം ഇതാകട്ടെ. ഈ കഥ രാജ്യത്തെ യഥാർത്ഥ നായകന്മാരെ അടിസ്ഥാനമാക്കിയുള്ളതാണ്. നായകൻ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ച മത്സരപരീക്ഷകളിൽ ഒന്നായി വിജയിക്കാൻ അസാധാരണമായ പ്രതിബന്ധങ്ങൾക്കെതിരെ പോരാടുന്ന, വിജയം രുചിക്കാനാഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് യുവാക്കളുടേയും കഥയാണിത്.
മികച്ച താരനിർണയം തന്നെയാണ് വിധു വിനോദ് ചോപ്ര നടത്തിയിട്ടുള്ളത്. ഓരോ താരങ്ങളും വിശ്വസനീയമാംവിധം അവരവരുടെ വേഷങ്ങൾഅവതരിപ്പിച്ചു. എന്നാൽ ദേശീയ പുരസ്കാരം കിട്ടേണ്ട പ്രകടനമാണ് വിക്രാന്ത് മാസി കാഴ്ചവെച്ചത്. അദ്ദേഹം ആ കഥാപാത്രമായി ജീവിക്കുകയായിരുന്നു.
മഹത്തായ സിനിമ മഹത്തായ കഥകളുടേതാണെന്ന് വിധു ചോപ്ര നമ്മെ ഓർമ്മിപ്പിക്കുന്നു. ആ കാലഘട്ടം. നന്നായി പറഞ്ഞിരിക്കുന്ന ഒരു കഥയുടെ ലാളിത്യത്തിനും ആധികാരികതയ്ക്കും സ്പെഷ്യൽ ഇഫക്റ്റുകൾ ആവശ്യമേയില്ല.
ഇന്റർവ്യൂ സീൻ ആയിരുന്നു തനിക്ക് ഏറെ സവിശേഷമായി തോന്നിയത്. ഒരു പുതിയ ഭാരതം കെട്ടിപ്പടുക്കാൻ ഇന്ത്യ എന്താണ് ചെയ്യേണ്ടതെന്ന് കാണിക്കുന്ന രംഗമായിരുന്നു, വിധു വിനോദ് ചോപ്രയിൽനിന്നും ഇത്തരം കൂടുതൽ ചിത്രങ്ങൾ പ്രതീക്ഷിക്കുന്നു.” എന്നാണ് ആനന്ദ് മഹീന്ദ്ര കുറിച്ചത്.