ഭക്ഷണത്തിന്റെ പേരില്‍ വിവേചനം നേരിട്ടതിനെ കുറിച്ച് പല താരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. കണ്ണൂരിലെ മുസ്ലിം വിവാഹങ്ങളില്‍ സ്ത്രീകള്‍ക്ക് അടുക്കള ഭാഗത്ത് ഇരുത്തിയാണ് ഇപ്പോഴും ഭക്ഷണം കൊടുക്കാറുള്ളത് എന്ന നിഖില വിമലിന്റെ പ്രസ്താവന ചര്‍ച്ചയായിരുന്നു.
ഇതിന് പിന്നാലെ നടി അനാര്‍ക്കലി മരക്കാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പൊറോട്ട കഴിക്കുന്നതില്‍ വരെ വിവേചനം നേരിട്ടിട്ടുണ്ട് എന്നാണ് അനാര്‍ക്കലി പറയുന്നത്. ആണുങ്ങള്‍ കഴിച്ചിട്ട് ബാക്കിയുണ്ടെങ്കില്‍ മാത്രമേ പെണ്ണുങ്ങള്‍ക്ക് കഴിക്കാന്‍ കിട്ടിയിരുന്നുള്ളു എന്നാണ് നടി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
”എന്റെ ചെറുപ്പത്തിലൊക്കെ കുറേ നാളുകള്‍ക്ക് ശേഷമാണ് പൊറോട്ട ഒക്കെ കഴിക്കുന്നത്. പൊറോട്ടയും ചോറും ഉണ്ടാകും. പൊറോട്ട ആണുങ്ങള്‍ക്ക് കൊടുക്കും, അത് ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്ക് കഴിക്കാം. അതൊക്കെ എന്റെ ഫ്രണ്ട്‌സ് പറയുന്നത് കേട്ടിട്ടുണ്ട്.”
”എന്റെ ഫാമിലിയില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. എന്റെ ഫാമിലിയില്‍ തന്നെയാണോന്ന് എനിക്ക് ഓര്‍മയില്ല, എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. അത് തെറ്റാണ്. അതൊക്കെ എനിക്ക് ഭയങ്കര വിഷമമായിട്ട് തോന്നിയിട്ടുണ്ട്. എനിക്ക് കുറച്ചുകൂടെ ഫോര്‍വേഡ് ആയിട്ടുള്ള ഫാമിലിയാണ് എന്തോ ഭാഗ്യത്തിന് കിട്ടിയത്” എന്നാണ് അനാര്‍ക്കലി പറയുന്നത്.
നടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വീഡിയോക്ക് താഴെനിറയുന്നത്. ‘റിമ കല്ലിങ്കലിന്റെ പൊരിച്ച മീനിന് ശേഷം പൊറോട്ട’, ‘ഇതിന്റെയൊക്കെ പിന്നില്‍ സ്ത്രീകള്‍ തന്നെയാണ്’, ‘5 പൊറോട്ട കൂടുതല്‍ വാങ്ങാന്‍ കഴിവില്ലാത്ത കുടുംബമാണോ’, ‘പുരുഷമേധാവിത്വം പണ്ട് മാത്രമല്ല ഇന്നും ഉണ്ട്’ എന്നിങ്ങനെയാണ് ചില കമന്റുകള്‍.