പോസ്റ്റ് അപ്പോക്കാലിപ്റ്റിക് ഡിസ്‌റ്റോപ്പിയന്‍ വേള്‍ഡ് എന്നൊക്കെ പറഞ്ഞപ്പോൾ എനിക്കൊന്നും മനസിലായില്ല: അനാർക്കലി മരിക്കാർ

2016-ൽ പുറത്തിറങ്ങിയ ‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരിക്കാർ. പിന്നീട് വിമാനം, ഉയരെ, ബി 32 മുതൽ 44 വരെ തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനമാണ് അനാർക്കലി നടത്തിയത്. മന്ദാകിനി ആയിരുന്നു അനാർക്കലിയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം.

അരുൺ ചന്ദു സംവിധാനം ചെയ്ത ഡിസ്ട്ടോപ്യൻ ചിത്രം ‘ഗഗനചാരി’യാണ് അനാർക്കിലിയുടെ പുതിയ ചിത്രം. മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഗഗനചാരിയെ കുറിച്ചും, തന്റെ സിനിമാ ജീവിതത്തെ കുറിച്ചും സംസാരിക്കുകയാണ് അനാർക്കലി.

“തുടക്കത്തില്‍ അഭിനയം ഒരു ഫണ്ണായിട്ടാണ് ഞാന്‍ കണ്ടത്. ആ സമയത്ത് ഞാന്‍ എന്റെ പഠനത്തിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. പഠിക്കുന്ന സമയത്താണല്ലോ സിനിമയില്‍ എത്തുന്നത്. ബാക്കി കാര്യങ്ങളിലൊക്കെ ശ്രദ്ധ കൊടുത്തത് കാരണം അഭിനയം ഞാന്‍ അത്ര ശ്രദ്ധിച്ചിരുന്നില്ല. കുറച്ചു കൂടെ യംഗായ പ്രായത്തില്‍ എനിക്ക് നല്ല കുറേ സിനിമകള്‍ ചെയ്യാമായിരുന്നു. പക്ഷെ ആ സമയത്ത് ഞാന്‍ ചെയ്തില്ല. അന്ന് ഞാന്‍ സിനിമയെ സീരിയസായി കാണാതിരിക്കുകയായിരുന്നു. ആദ്യം ഫണ്ണായി കണ്ട സിനിമയെ ഞാന്‍ സീരിയസായി കാണാന്‍ തീരുമാനിക്കുന്നത് സുലൈഖ മന്‍സിലിന് ശേഷമാണ്. അതിലാണ് നായിക പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ ലഭിക്കുന്നത്.

‘ഗഗനചാരി’ എന്റെ അടുത്തേക്ക് വരുന്നത് ഒരു ലോക്ഡൗണ്‍ കഴിഞ്ഞു നില്‍ക്കുന്ന സമയത്താണ്. സിനിമയൊന്നും ഇല്ലാതെ നില്‍ക്കുകയായിരുന്നു. അന്ന് എന്തെങ്കിലും ഒരു പണി വേണ്ടേയെന്ന അവസ്ഥയായിരുന്നു. അപ്പോഴും എന്തെങ്കിലും ഒരു പണിക്ക് വേണ്ടി മാത്രം ഞാന്‍ ഈ സിനിമ ചെയ്യില്ലായിരുന്നു. എങ്കിലും ഇങ്ങനെയൊരു സിനിമയാണെന്ന് പറഞ്ഞപ്പോള്‍ താത്പര്യം തോന്നി.

അപ്പോഴും പോസ്റ്റ് അപ്പൊക്കാലിപ്റ്റിക് ഡിസ്‌റ്റോപ്പിയന്‍ വേള്‍ഡ് എന്നൊക്കെ പറഞ്ഞെങ്കിലും എനിക്കൊന്നും മനസിലായില്ല. അതൊക്കെ ഇപ്പോഴാണ് മനസിലാക്കി തുടങ്ങുന്നത്. ഏലിയന്‍ കഥാപാത്രമാണ് എന്നത് മാത്രമാണ് എന്നെ ഈ സിനിമയെടുക്കാന്‍ പ്രേരിപ്പിച്ചത്.” എന്നാണ് അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അനാർക്കലി പറഞ്ഞത്.