സാധാരാണ രക്ഷിതാക്കള്‍ അവരുടെ പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പല ഉപദേശങ്ങളും തന്റെ അച്ഛനും അമ്മയും നല്‍കിയിട്ടില്ലെന്ന് നടി അനശ്വര രാജന്‍. മറ്റൊരു വീട്ടില്‍ പോകണമെന്നോ വീട്ടുജോലി ചെയ്യണമെന്നോ അവര്‍ പറഞ്ഞിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് അന്നും ഇന്നും പറയുന്നത്. തന്റെ പിരീഡ്‌സ് ഡേറ്റ് മറന്നാലും അത് അച്ഛന് അറിയാം എന്നാണ് അനശ്വര പറയുന്നത്.
”സ്‌കൂളില്‍ പഠിക്കുന്ന സമയം മുതല്‍ അച്ഛന് ഞങ്ങളുടെ എല്ലാ കാര്യങ്ങളും നന്നായി അറിയാം. എന്റെ പീരിഡ്‌സ് ഡേറ്റ് പോലും അച്ഛന് അറിയാം. ഞാന്‍ പോലും ചിലപ്പോള്‍ മറക്കാറുണ്ട്. ആ സമയത്ത് വേദനയൊക്കെ വരുമ്പോള്‍ അടുത്ത കടയിലേക്ക് ഓടിപോയി പഴങ്ങള്‍ വാങ്ങിവന്ന് എന്നെ കൊണ്ട് കഴിപ്പിക്കും.”
”നമ്മള്‍ പെണ്‍കുട്ടികളാണ്, വേറെ വീട്ടില്‍ പോകേണ്ടവരാണ്, വീട്ടുജോലിയൊക്കെ എടുക്കണം എന്നൊന്നും അച്ഛനും അമ്മയും ഞങ്ങളോട് പറഞ്ഞിട്ടില്ല. സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് പറഞ്ഞ് തന്നിട്ടുള്ളത്. അങ്ങനെയാണ് ഞങ്ങളെ വളര്‍ത്തിയത്. അടുക്കളയില്‍ മാത്രമല്ല എല്ലാ ജോലിയും ഞാനും ചേച്ചിയും ഒരുമിച്ച് ചെയ്യാറുണ്ട്.”
”ക്ലീന്‍ ചെയ്യുന്നതായാലും പാചകമായാലും അമ്മയോടൊപ്പം അച്ഛനും ചെയ്യും. ഞങ്ങള്‍ അത് കണ്ടാണ് വളര്‍ന്നത്. നാളെ നീ വേറെ വീട്ടില്‍ കയറി പോകേണ്ടതാണ് എന്നൊന്നും അവര്‍ പറഞ്ഞിട്ടില്ല. പെണ്‍കുട്ടികളുള്ള വീട് ഐശ്വര്യമെന്ന് അച്ഛന്‍ പറയാറുണ്ട്. പെണ്‍കുട്ടികളെ പിടിച്ച് എന്തിനാണ് ദേവിയും ലക്ഷ്മിയും ആക്കുന്നതെന്ന് ഞാന്‍ അച്ഛനോട് ചോദിച്ചിട്ടുണ്ട്” എന്നാണ് അനശ്വര ാെരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
അതേസമയം, രേഖാചിത്രം ആണ് അനശ്വരയുടെതായി തിയേറ്ററില്‍ പ്രദര്‍ശനം തുടരുന്നത്. റിലീസ് ചെയ്ത ആദ്യ ആഴ്ചയില്‍ തന്നെ ചിത്രം 40 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിക്കഴിഞ്ഞു. ആസിഫ് അലി നായകനായ ചിത്രം ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം ചെയ്തത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിച്ചത്.