സിനിമയില്‍നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ആന്‍ഡ്രിയ ജെര്‍മിയ. ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ ബാധിച്ചതിനെ തുടര്‍ന്നാണ് കുറച്ച് കാലം കരിയറില്‍ നിന്ന് മാറി നിന്നതെന്ന് ആന്‍ഡ്രിയ പറയുന്നു. ദിവ്യ ദര്‍ശിനിയുമായുള്ള അഭിമുഖത്തിനിടെയാണ് തുറന്ന് പറച്ചില്‍.
‘വട ചെന്നൈ എന്ന സിനിമയ്ക്ക് ശേഷം സ്‌കിന്നിനെ ബാധിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ കണ്ടീഷന്‍ പിടിപെട്ടു. എന്റെ മുടിയിഴകള്‍ നരച്ചിട്ടില്ല. പക്ഷെ അന്ന് എന്റെ പുരികവും കണ്‍പീലികളും നരയ്ക്കാന്‍ തുടങ്ങി. ബ്ലഡ് ടെസ്റ്റുകള്‍ വന്നു. പക്ഷെ അവയെല്ലാം നോര്‍മലാണ്. എന്തുകൊണ്ടിത് സംഭവിക്കുന്നു എന്ന് മനസിലാകുന്നില്ല. എന്തെങ്കിലും ടോക്‌സിന്റെ റിയാക്ഷന്‍ ആയിരിക്കാം അല്ലെങ്കില്‍ ഇമോഷണല്‍ സ്ട്രസ് കൊണ്ടായിരിക്കാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.’
‘എല്ലാത്തില്‍ നിന്നും കുറച്ച് കാലം താന്‍ മാറി നിന്നു. ആ കണ്ടീഷനില്‍ നിന്നും പുറത്ത് വന്നു. ഈ സമയത്ത് മാധ്യമങ്ങളും സിനിമാ രംഗവും പറഞ്ഞത് പ്രണയം തകര്‍ന്നത് കാരണം ഞാന്‍ ഡിപ്രഷനിലായി എന്നാണ്. ഇതേക്കുറിച്ച് സംസാരിക്കാതിരുന്നതാണ്. അതെന്റെ ചോയ്‌സ് ആണ്. ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ സ്വയം ഉള്‍ക്കൊള്ളാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കും.’
‘ആദ്യമായാണ് ഞാനിക്കാര്യം തുറന്ന് പറയുന്നത്. അതേസമയം ഈ കണ്ടീഷന്‍ തന്നെ വളരെ മോശമായി ബാധിച്ചിട്ടില്ല. ചെറിയ പാടുകള്‍ ഇപ്പോഴുമുണ്ട്. കണ്‍പീലികള്‍ക്ക് വെള്ള നിറമുണ്ട്. അത് എളുപ്പത്തില്‍ കവര്‍ ചെയ്യാം. ഏറെക്കൂറെ ഭേദമായി. തുടരെ വര്‍ക്ക് ചെയ്യാന്‍ പറ്റില്ല. കാരണം അത് മുഖത്ത് കാണും. ജീവിത ശൈലിയില്‍ മാറ്റം വരുത്തി. വര്‍ക്കുകള്‍ കുറച്ചു. വളര്‍ത്തു നായക്കൊപ്പം കൂടുതല്‍ സമയം ചെലവഴിച്ചു. ഇതെല്ലാം തന്നെ സഹായിച്ചു,’ ആന്‍ഡ്രിയ പറഞ്ഞു.