മോഹന്‍ലാലിന് വേണ്ടി ഹൈവേ വണ്‍വേയാക്കി മാറ്റാന്‍ കേരള പൊലീസ് സമ്മതിച്ചതിനെ കുറിച്ച് പറഞ്ഞ് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. ഒരു കടയുടെ ഉദ്ഘാടനത്തിനായി പോയപ്പോഴുണ്ടായ അനുഭവമാണ് അനീഷ് ഉപാസന തുറന്നു പറഞ്ഞിരിക്കുന്നത്.
ഒരിക്കല്‍ കരുനാഗപ്പള്ളിയില്‍ ഒരു ഷോപ്പിന്റെ ഉദ്ഘാടനം ലാല്‍ സാറാണ് ചെയ്തത്. അതിനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തത് ഞാനാണ്. ചടങ്ങിനെത്തും മുമ്പ് പൊലീസൊക്കെ ഇല്ലേയെന്ന് ലാല്‍ സാര്‍ എന്നെ വിളിച്ച് അന്വേഷിച്ചിരുന്നു. ശേഷം ലാല്‍ സാര്‍ വന്നു പരിപാടിയില്‍ പങ്കെടുത്തു. അപ്പോഴേക്കും ആളും ബഹളവും ജനക്കൂട്ടവുമായി.
എങ്ങനെയൊക്കയോ ഞാന്‍ സാറിനെ കാറില്‍ കയറ്റി വിട്ടു. കുറച്ച് കഴിഞ്ഞപ്പോള്‍ കാര്‍ ഡ്രൈവര്‍ വിളിച്ച് പറഞ്ഞു, ലാല്‍ സാറിന് കൊച്ചിക്കാണ് പോകേണ്ടത് പക്ഷെ ഇപ്പോള്‍ തിരുവനന്തപുരം റൂട്ടിലാണ് പോകുന്നതെന്ന്. ആളും ബഹളവും കാരണം റോഡ് ബ്ലോക്കായതിനാല്‍ വണ്ടി തിരിക്കാന്‍ ഡ്രൈവര്‍ക്ക് സാധിച്ചില്ല. ഞാന്‍ സിഐയുടെ എടുത്ത് പോയി കാര്യം പറഞ്ഞു.
അദ്ദേഹം എന്നെ പൊലീസ് വണ്ടിയില്‍ കയറ്റി ലാല്‍ സാറിന്റെ വണ്ടി പോയ റൂട്ടിലൂടെ പോയി. കുറേ അങ്ങ് എത്തിയപ്പോള്‍ വണ്ടി കണ്ടു. ലാല്‍ സാര്‍ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. ചാടിയിറങ്ങി നോക്കിയപ്പോള്‍ ഹൈവേയാണ്. വണ്ടി തിരിച്ച് കൊച്ചി റൂട്ടില്‍ കയറാനുള്ള മാര്‍ഗമില്ല. ശേഷം ഞാന്‍ സിഐയോട് കുറച്ച് നേരം ഹൈവെ വണ്‍വെ ആക്കി തരാമോയെന്ന് ചോദിച്ചു.
ഹൈവെ വണ്‍വെ ആക്കാന്‍ പറയാന്‍ താനാരാടോ, അതൊന്നും പെട്ടന്ന് പറ്റില്ല വേറെ പെര്‍മിഷന്‍ എടുക്കണം എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഒരു മിനിറ്റ് തന്നാല്‍ മതിയെന്ന് ഞാന്‍ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. അവസാനം പൊലീസുകാര്‍ കുറച്ച് സമയത്തേക്ക് വണ്‍വേയാക്കി തന്നു. അങ്ങനെയാണ് ലാല്‍ സാറിന്റെ വണ്ടി തിരിച്ച് കൊച്ചി റൂട്ടിലേക്ക് കയറ്റി വിട്ടത് എന്നാണ് അനീഷ് ഉപാസന ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.