നിധി കാക്കുന്ന ഭൂതമായി ക്യാമറയ്ക്ക് മുന്നിലും സംവിധായകനായി ക്യാമറയ്ക്ക് പിന്നിലുമുള്ള മോഹന്‍ലാലിന്റെ പരകായ പ്രവേശം അത്ഭുതപ്പെടുത്തുകയാണെന്ന് സംവിധായകനും ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് അനീഷ് ഉപാസന പ്രതികരിച്ചത്.
അസാധ്യ സംവിധായകനാണെന്ന് തെളിയിക്കും വിധമാണ് ലൊക്കേഷനില്‍ ലാല്‍ സാര്‍. ചെറിയ കാര്യം പോലും പ്രത്യേകം ശ്രദ്ധിക്കും. റീ ടേക്കുകള്‍ എത്ര പോയാലും വിഷയമല്ല. അഭിനയം പോലെ തന്നെ സംവിധാനവും മികവോടെ ചെയ്യുകയാണ് അദ്ദേഹം.
”അതിവൈകാരികത നിറഞ്ഞ ഡയലോഗ് പറയുകയാണ് മോഹന്‍ലാല്‍. അടുത്ത നിമിഷം കട്ട് പറഞ്ഞു. ‘മോനേ, ഒരു കുപ്പി വെള്ളം തരുമോ കുടിക്കാന്‍’ എന്ന് ചോദിച്ച് അദ്ദേഹം വീണ്ടും സംവിധായകന്റെ കസേരയിലേക്ക് പോയി.” ബറോസ് കാണുമ്പോള്‍ മോഹന്‍ലാലിന്റെ സംവിധാന മികവ് പ്രേക്ഷകരും തിരിച്ചറിയും.
സീനിലും ഷോട്ടിലും മോഹന്‍ലാല്‍ എന്ന സംവിധായകന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല. ഹെയറിന്റെ കണ്ടിന്യൂറ്റി നോക്കാനും മേക്കപ്പ് വിഭാഗക്കാരോടുമെല്ലാം കാര്യങ്ങള്‍ സസൂക്ഷ്മം ശ്രദ്ധിച്ച് മോഹന്‍ലാല്‍ പറയുമ്പോള്‍ അത്ഭുതം തോന്നും. ലൊക്കേഷനില്‍ കുട്ടികളെ പോലെ ഓടി നടക്കുകയാണ് അദ്ദേഹം.
രാവിലെ വൈകി ലൊക്കേഷനില്‍ വരുന്നവര്‍ക്ക് മോഹന്‍ലാലിന്റെ വാഹനം കാണുമ്പോള്‍ നാണക്കേട് തോന്നും. രാത്രി വൈകി ചിത്രീകരണം ഉണ്ടായാല്‍ രാവിലെ വൈകിയേ മോഹന്‍ലാല്‍ വരികയുള്ളൂ എന്ന് കരുതിയാല്‍ വെറുതെയാകും. വിവിധ ഭാഷകളിലായി ത്രി ഡി സിനിമയായാണ് ബറോസ് ഒരുക്കുന്നത്.
അതിനാല്‍ സാധാരണ സിനിമ പോലെയല്ല ചിത്രീകരണം. ലാല്‍ സാറിന്റെ കൈയില്‍ ഈ തിരക്കഥ ഭദ്രമാണെന്നതില്‍ സംശയമില്ല. ലൊക്കേഷനില്‍ ലാല്‍ സാര്‍ ഇതുവരെ ദേഷ്യപ്പെട്ടു കണ്ടിട്ടില്ല. മുമ്പത്തെ പോലെ തന്നെയാണ് സൗമ്യതയും ക്ഷമയും.
Read more
ആര്‍ക്കും ടെന്‍ഷന്‍ കൊടുക്കാതെ എല്ലാവരോടും സ്നേഹത്തോടെയാണ് സംസാരം. ലാല്‍ സാറിന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഭാഗമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ കഴിയുന്നത് തന്നെ സംബന്ധിച്ച് ഭാഗ്യമാണ്. താന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പോലും നീട്ടി വച്ചിരിക്കുകയാണെന്ന് അനീഷ് ഉപാസന പറയുന്നു.