അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു: അന്ന ബെൻ

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘കൽക്കി 2898 എഡി’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നും അന്ന ബെന്നും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൽക്കിയെ കുറിച്ച് സംസാരിക്കുകയാണ് അന്ന ബെൻ. തന്റെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രിയായ ശോഭനയോടൊപ്പം അഭിനയിക്കുക എന്നത് തന്റെ സ്വപ്നമായിരുന്നുവെന്നാണ് അന്ന ബെൻ പറയുന്നത്.

“ഞാൻ ഇതുവരെ ചെയ്തിട്ടുള്ള ചിത്രങ്ങളെക്കാൾ പതിന്മടങ്ങ് ബജറ്റിലാണ് കൽക്കി ഒരുക്കിയിരിക്കുന്നത്. സംവിധാനം, തിരക്കഥ എന്നിങ്ങനെ എല്ലാറ്റിലും വ്യത്യസ്ത കാണാം. ആദ്യമായാണ് ഗ്രീൻ‍ ഫ്ലോറിൽ അഭിനയിക്കുന്നത്. അവിടെ ക്യാൻവാസ് ശൂന്യമാണ്. കഥാപാത്രത്തെ എങ്ങനെ അവതരിപ്പിക്കണമെന്നു സംവിധായകന്റെ സഹായത്തോടെ നമ്മൾ തീരുമാനിക്കുകയാണ്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലും ഡബ് ചെയ്തു. ദീപിക പദുക്കോണിന്റെ കൂടെ സീനുണ്ടായിരുന്നു. എല്ലാക്കാലത്തെയും എന്റെ പ്രിയപ്പെട്ട അഭിനേത്രി ശോഭനയാണ്. അവരുടെ കൂടെ അഭിനയിക്കുക എന്നത് എന്റെ സ്വപ്നമായിരുന്നു.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ അന്ന ബെൻ പറയുന്നത്.

എപിക് സയൻസ് ഫിക്ഷൻ ഡിസ്ടോപ്പിയൻ ഗണത്തിൽ പെടുന്ന കൽക്കിയിൽ നായകൻ പ്രഭാസിനൊപ്പം അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, ദിഷ പഠാനി,ദുൽഖർ സൽമാൻ, വിജയ് ദേവരകൊണ്ട, അന്ന ബെൻ, ശോഭന തുടങ്ങി വലിയ താരനിര പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

മഹാഭാരത യുദ്ധത്തിന് ശേഷം 6000 വർഷങ്ങൾക്കു ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് കൽക്കിയിലൂടെ ഇന്ത്യൻ സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. പുരാണ കഥാപാത്രമായ അശ്വത്ഥാമാവായാണ് ചിത്രത്തിൽ അമിതാഭ് ബച്ചൻ എത്തുന്നത്. യാഷ്കിൻ എന്ന വില്ലൻ കഥാപാത്രമായാണ് കമൽഹാസൻ ചിത്രത്തിലെത്തുന്നത്.

കൽക്കിയുടെ തിരക്കഥയും നാഗ് അശ്വിൻ തന്നെയാണ് രചിച്ചിരിക്കുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വനി ദത്ത് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് നാരായണൻ ആണ് ചിത്രത്തിന്റെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

Read more