മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജെല്ലിക്കെട്ട്’. മനുഷ്യനും മൃഗവും തമ്മിലുള്ള അന്തരവും അതിന്റെ നിരന്തര പോരാട്ടങ്ങളും സിനിമ പ്രമേയമാക്കുന്നു. കഥാകൃത്ത് എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിൻറെ ഷൂട്ടിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് ചിത്രത്തിൻറെ ലൈൻ പ്രൊഡ്യൂസർ ആയ ആൻസൺ ആന്റണി. സിനിമയിലെ പോത്തിന് ഫൈറ്റേഴ്സ് ജെല്ലി എന്നാണ് പേരിട്ടതെന്നും. ജെല്ലി എന്ന് വിളിച്ചാൽ പോത്ത് അപ്പോൾ തന്നെ ചാടിയെഴുന്നേൽക്കുമെന്നും ആൻസൺ ആന്റണി പറയുന്നു. കൂടാതെ സിനിമയുടെ ലൊക്കേഷനിലുള്ള പ്രദേശവാസികളെ തന്നെയാണ് ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്യാൻവേണ്ടി ഉപയോഗിച്ചതെന്നും ആൻസൺ പറയുന്നു.
“ഷൂട്ട് കഴിഞ്ഞ് പാക്കപ്പ് പറഞ്ഞാൽ എല്ലാവരും പോകുന്നത് കണ്ട് പോത്തും പോകും. ആരും ഒന്നും പറയേണ്ട. പോത്ത് തന്നെ പിക്കപ്പിൽ കയറും. പോത്ത് അത്രയും സഹകരണമായിരുന്നു. എവിടെ ലൊക്കേഷൻ വെച്ചാലും പോത്ത് റെഡിയാണ്. എല്ലാ ആർട്ടിസ്റ്റുകളും പ്രോപ്പർട്ടികളും ഏത് സമയത്ത് ചോദിച്ചാലും ഉണ്ടാകണമെന്ന് ലിജോയ്ക്ക് നിർബന്ധമുണ്ട് വിളിച്ചാൽ അപ്പോൾ എത്തണം എന്ന കണ്ടീഷനിലായിരിക്കും നിർത്തിയിരിക്കുന്നത്.
ശരിക്കും പോത്തിനെ പിടിച്ച് മുന്നിൽ ഒരാൾ ഓടുന്നുണ്ട്. പക്ഷെ പോത്ത് കറക്ടായി ഓടുന്നു. വേറെ വല്ല പോത്തുമായിരുന്നെങ്കിൽ വലയന്റ് ആകും. പന്തമുള്ളതൊന്നും പോത്ത് കാര്യമാക്കിയില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി. ഒരു ഏക്കർ ഏലത്തോട്ടം മൊത്തമെടുത്ത് അവിടെയാണ് ഫൈറ്റും മറ്റും ചിത്രീകരിച്ചത്. പിന്നെ ലൊക്കേഷൻ കൊക്കോ തോട്ടമാക്കി. രാത്രിയാണ് ഷോട്ടുകൾ. ഡിസംബറിലെ തണുപ്പും.
ടോർച്ചും പന്തവും ഹെഡ് ലൈറ്റും വേണമെന്ന് ലിജോ പറഞ്ഞിരുന്നു. ആയിരത്തോളം ടോർച്ചുകൾ വേണം. എവർ റെഡി കമ്പനിയുടെ ടോർച്ചുകൾ ഓർഡർ ചെയ്തു. ക്ലെെമാക്സ് ഏരിയ ഷൂട്ട് ചെയ്തത് ഇടുക്കി ഡാമിന്റെ റിസവർവ് ഏരിയയുടെ അവസാന ഭാഗത്താണ്. 1800 ജൂനിയർ ആർട്ടിസ്റ്റികളെ വെച്ചു. പോത്തിന്റെ മുകളിലേക്ക് ആൾക്കാർ വീഴണം. 40 അടി ഉയരമുള്ള റാംപ് ഉണ്ടാക്കി. ഏറ്റവും മുകളിൽ ആൾക്കാരെ കയറ്റി. ഇടയിൽ ഡമ്മി വെച്ചു.
ഷൂട്ടിനിടെ ഭക്ഷണം കഴിച്ച് കഴിഞ്ഞാൽ ഓരോരുത്തർ കുറയും. അവസാനം റാംപിന്റെ മുകളിൽ കയറാൻ ആരും ഇല്ല. 600 ആളുകളായി. ഒടുവിൽ 600 ആളുകൾക്ക് റെഡ് ടോക്കൺ കൊടുത്തു. റെഡ് ടോക്കൺ ഉള്ളവർക്കേ ഇനി പൈസ തരൂ എന്ന് പറയും. അപ്പോൾ പെട്ടെന്ന് ആളുകൾ വരും.
ടോക്കൺ കൊടുത്ത് ആളുകളെ പിടിച്ച് നിർത്തുകയായിരുന്നു. കാരണം പ്രൊഫഷണൽ ജൂനിയർ ആർട്ടിസ്റ്റുകളല്ല. അവിടെയുള്ള ആളുകളാണ്. വൈകീട്ട് എല്ലാവരും എത്തി രാവിലെ തിരിച്ച് പോകും. എല്ലാവരുടെ ദേഹത്തും ചെളിയാവണം. നിങ്ങൾ മൃഗത്തെ പോലെയാകണം എന്നാണ് ലിജോ പറഞ്ഞത്. എല്ലാവരും ഭംഗിയായി ചെയ്തു.
നാല് വശത്ത് നിന്നും ആളുകൾ ഓടിവരണം. അലറിക്കൊണ്ട് ഓടിവരുന്നതിനിടെ ഒരാൾ ഇതിനിടയിൽ നിന്ന് ഡാൻസ് ചെയ്തു. എല്ലാവരും കൂടിയാണ് റാംപിലേക്ക് ഓടിക്കയറേണ്ടത്. അതിനിടയിൽ ഒരാളിങ്ങനെ ഒച്ച വെച്ചതോടെ ലിജോ ഭയങ്കരമായി ഷൗട്ട് ചെയ്തു. അത് വീണ്ടും റീ ടേക്ക് വേണ്ടിവന്നു.” സഫാരി ചാനലിലെ ലൊക്കേഷൻ ഹണ്ട് എന്ന പരിപാടിയിലായിരുന്നു ആൻസൺ ജെല്ലിക്കെട്ടിലെ അനുഭവങ്ങള് പങ്കുവെച്ചത്.
ടൊറന്റോ ഇന്റർനാഷണൽ ഫെസ്റ്റിവൽ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച ചിത്രം ആ വർഷത്തെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രിയായിരുന്നു.