‘എമ്പുരാന്‍’ സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത് ആരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. തെറ്റുകള്‍ തിരുത്തുക എന്നത് തങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സീനുകളാണ് ചിത്രത്തില്‍ നിന്നും കട്ട് ചെയ്തതെന്നും ഇന്ന് തന്നെ റീ എഡിറ്റ് വേര്‍ഷന്‍ തിയേറ്ററിലെത്തിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.
”വേറാറുടെയും ഭീഷണിയെ തുടര്‍ന്നല്ല സിനിമ റീ എഡിറ്റ് ചെയ്യുന്നത്. ഈ സമൂഹത്തില്‍ മറ്റുള്ളവര്‍ക്കൊപ്പം ജീവിച്ച് പോകുന്ന ആള്‍ക്കാരാണ് ഞങ്ങള്‍. അതിലൂടെ ഉണ്ടായ ഞങ്ങളുടെ ശരി എന്ന് തോന്നുന്ന ഒരു കാര്യം, ഞങ്ങള്‍ അതിനെ കറക്ട് ചെയ്യുന്നു. ഇതൊരു വിവാദം എന്ന് പറയുന്നതിലേക്ക് പോകേണ്ട കാര്യമില്ല. കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തെയും മൊത്തം പ്രേക്ഷകരും ഈ സിനിമ സന്തോഷത്തോടെ സ്വീകരിച്ചിരിക്കുന്നു.”
”ഈ സമയത്ത് ഒരു പാര്‍ട്ടിയുടെ അല്ല, ഏതൊരു വ്യക്തിക്ക് സങ്കടം ഉണ്ടായാല്‍ പോലും അത് പരിഗണിക്കേണ്ട ആള്‍ക്കാര്‍ ആ സിനിമയുടെ പുറകില്‍ പ്രവര്‍ത്തിച്ചവരാണ്. അത് മനസിലാക്കിയിട്ട് ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന ഒരു കാര്യം മാത്രമാണ് ഞങ്ങള്‍ ചെയ്തിരിക്കുന്നത്. ഒരു സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ല. സമ്മര്‍ദ്ദം ഉണ്ടായിട്ട് ചെയ്തു എന്നാണ് കുറച്ച് നാളായിട്ട് കേള്‍ക്കുന്നത്.”
”ഒരു സമ്മര്‍ദ്ദത്തിന്റെ പുറത്തല്ല, മറ്റാരെയും ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇതിനെ വളരെ നല്ലതായിട്ട് എടുത്താല്‍ മതി. ജനം സിനിമ ഭയങ്കരമായിട്ട് സ്വീകരിച്ചിട്ടുണ്ട്. സാധാരണക്കാരന് ഒരു വിഷമം ഉണ്ടായാല്‍ പോലും അതിനെ കറക്ട് ചെയ്യണമെന്ന് ചിന്തിക്കുന്ന ആള്‍ക്കാരാണ് ഞങ്ങള്‍. ഞാന്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ അസോസിയേറ്റ് ചെയ്യുന്ന എല്ലാ ആള്‍ക്കാരെയും ഉള്‍പ്പെടുത്തിയാണ് പറയുന്നത്.”
”മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥയറിയാം, എനിക്കും അറിയാം, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അത് അറിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ല. മോഹന്‍ലാല്‍ സാറിന് അറിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ മനസിലാക്കിയിരിക്കുന്നതാണ്. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കറക്ട് ചെയ്യുക എന്നുള്ളത് ഞങ്ങളുടെ ഡ്യൂട്ടിയാണ്.”
”ഒരിക്കലും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ല. ഞങ്ങള്‍ എത്രയോ വര്‍ഷമായിട്ട് അറിയാവുന്ന ആള്‍ക്കാരാണ്. ഞങ്ങള്‍ ഒന്നിച്ച് എടുത്ത തീരുമാനമാണ് ഈ സിനിമ നിര്‍മ്മിക്കണമെന്നും ഈ സിനിമ വരണമെന്നും. ഒരിക്കലും പൃഥ്വിരാജിനെ ഒറ്റത്തിരിഞ്ഞ് ആക്രമിക്കേണ്ട കാര്യമില്ല. പൃഥ്വിരാജും ഞങ്ങളും ഒന്നായിട്ട് എടുത്ത തീരുമാനമാണ് ഈ സിനിമ.”
”മുരളി ഗോപിക്ക് സിനിമ റീ എഡിറ്റ് ചെയ്യുന്നതില്‍ വിയോജിപ്പ് ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാവരുടെയും സമ്മതത്തോടെയാണ് റീ എഡിറ്റ് ചെയ്യുന്നത്. ഖേദ പ്രകടനം നടത്തിയ പോസ്റ്റ് ഷെയര്‍ ചെയ്തില്ലെങ്കിലും മുരളി ഗോപിക്ക് സമ്മതമുണ്ടെന്ന് വിചാരിക്കുന്നു” എന്നാണ് ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.