‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബിർ കപൂർ നായകനായെത്തിയ ‘അനിമൽ’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അതേസമയം പന്ത്രണ്ട് ദിവസങ്ങൾ കൊണ്ട് 750 കോടി രൂപയാണ് അനിമൽ ബോക്സ്ഓഫീസിൽ നിന്നും വാരിക്കൂട്ടിയത്.
അനിമൽ എന്ന സിനിമയെ കുറിച്ച് സംവിധായകൻ അനുരാഗ് കശ്യപ് നടത്തിയ പരാമർശം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. ഒരാള്‍ക്കും മറ്റൊരു വ്യക്തിയുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ഇങ്ങനെ സിനിമ ചെയ്യരുത്, അല്ലെങ്കില്‍ ഇങ്ങനെയാണ് സിനിമ ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് സംവിധായകനാണെന്നുമാണ് അനുരാഗ് കശ്യപ് തുറന്നു പറഞ്ഞത്.
അതിനുശേഷം നിരവധി പേരാണ് അനുരാഗ് കശ്യപിനെ ചോദ്യം ചെയ്തുകൊണ്ട് മുന്നോട്ട് വന്നത്. അക്രമത്തെയും സ്ത്രീ വിരുദ്ധതയെയും എന്തിനാണ് പിന്തുണക്കുന്നത് എന്നാണ് അനുരാഗ് കശ്യപിനോട് എല്ലാവരും ചോദിക്കുന്നത്.
തുടർന്ന് വിശദീകരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. അനിമൽ എന്ന സിനിമകൊണ്ട് ഫെമിനിസത്തെ പറ്റിയും സ്ത്രീ വിരുദ്ധതയെ പറ്റിയും ഒരുപാട് ആളുകൾ പഠിക്കുന്നു എന്നാണ് അനുരാഗ് കശ്യപ് പറഞ്ഞത്.
“ഒരാളെക്കൊണ്ടും ബലമായി ഒന്നും ചെയ്യിക്കാന്‍ സാധിക്കുകയില്ല. ഒരുപാട് പേര്‍ ഈ സിനിമ കണ്ടു. ഫെമിനിസത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഈ സിനിമ കാരണമായി. സ്ത്രീവിരുദ്ധത എന്താണെന്നും ആളുകള്‍ മനസ്സിലാക്കുന്നു. ‘അനിമലി’നെക്കുറിച്ചുള്ള ചര്‍ച്ചകളില്‍നിന്ന് എന്താണ് ഫെമിനിസമെന്ന് ഒരുപാടാളുകള്‍ പഠിക്കുന്നു. നമ്മളെ ഒരാള്‍ പ്രകോപിപ്പിക്കുമ്പോള്‍ ഭയക്കുന്നതെന്തിന്? ആളുകളെ പ്രകോപിക്കുന്ന സിനിമകളുണ്ടാക്കാന്‍ ഞാനും ശ്രമിച്ചിട്ടുണ്ട്” എന്നാണ് അനുരാഗ് കശ്യപ് പറയുന്നത്.
ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.