ആ ഒരൊറ്റ കാരണം കൊണ്ടാണ് 'മഹാരാജ'യിൽ അഭിനയിച്ചത്: അനുരാഗ് കശ്യപ്

നിതിലൻ സാമിനാഥൻ സംവിധാനം ചെയ്ത് വിജയ് സേതുപതി നായകനായെത്തിയ ‘മഹാരാജ’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി പ്രദർശനം തുടരുകയാണ്. ഇരിടവേളയ്ക്ക് ശേഷം വിജയ് സേതുപതി നായകനായെത്തിയ ചിത്രം താരത്തിന്റെ കരിയറിലെ അൻപതാം ചിത്രം കൂടിയായിരുന്നു.

അനുരാഗ് കശ്യപ് ആണ് ചിത്രത്തിൽ വില്ലനായി എത്തിയത്. ഇപ്പോഴിതാ എങ്ങനെയാണ് ചിത്രത്തിലേക്ക് എത്തിയത് എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് അനുരാഗ് കശ്യപ്.
ഒരിക്കൽ വിജയ് സേതുപതി തന്നെ വന്ന് കണ്ടിരുന്നുവെന്നും ചിത്രത്തിലേക്ക് വരണമെന്ന് പറയുകയുണ്ടായെന്നും അനുരാഗ് കശ്യപ് പറയുന്നു.

“ഒരിക്കല്‍ എന്‍റെ ഓഫീസില്‍ വിജയ് സേതുപതി എത്തിയിരുന്നു. എന്‍റെ പുതിയ ചിത്രം കെന്നഡി കണ്ട അദ്ദേഹം അതേക്കുറിച്ച് ചില അഭിപ്രായങ്ങളും പറഞ്ഞു. ആ സമയത്താണ് മഹാരാജയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. പ്രതിനായകനായി ഞാന്‍ എത്തണമെന്നാണ് ആഗ്രഹമെന്നും പറഞ്ഞു. കോമ്പിനേഷൻ സീനുകളിൽ വിജയ് സേതുപതി ഏറെ സഹായിച്ചു. അഭിനയത്തിലും ഒപ്പം തമിഴ് ഡയലോഗുകള്‍ പറയുന്നതിലും ആ സഹായം ഉണ്ടായിരുന്നു.” അനുരാഗ് കശ്യപ് പറഞ്ഞു.

ബാർബർ ആയാണ് വിജയ് സേതുപതി ചിത്രത്തിലെത്തുന്നത്. മകളുടെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. നിതിലൻ സാമിനാഥന്റെ ഗംഭീര തിരക്കഥ തന്നെയാണ് ചിത്രം കാണാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകമെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാണ്. നിതിലൻ സാമിനാഥന്റെ ആദ്യ ചിത്രമായ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രവും മികച്ച പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ചിത്രം കൂടിയായിരുന്നു.

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഫിലോമിൻ രാജ് ആണ് എഡിറ്റിംഗ് ചെയ്യുന്നത്.

Read more