ലോ കോളജില്‍ നടന്നത് അപ്രതീക്ഷിത സംഭവം, സംഭവിക്കാന്‍ പാടില്ലാത്തത്, നടപടിയില്‍ സംതൃപ്തി: അപര്‍ണ ബാലമുരളി

എറണാകുളം ലോ കോളേജില്‍ നടന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥി തന്നോട് അപമര്യാദയായി പെരുമാറിയതില്‍ പ്രതികരിച്ച് നടി അപര്‍ണ ബാലമുരളി. താനൊട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് അവിടെ നടന്നതെന്നും കോളേജ് അധികൃതരുടെ നടപടിയില്‍ സംതൃപ്തിയുണ്ടെന്നും നടി വ്യക്തമാക്കി. പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു താരം.

ലോ കോളേജില്‍ അങ്ങനെ സംഭവിക്കരുതായിരുന്നു, എന്താണ് ചെയ്യേണ്ടത് എന്ന് കോളേജിന് അറിയാം, അതുപോലെ തന്നെ അവര്‍ ചെയ്തിട്ടുണ്ട് . അവിടുത്തെ എല്ലാ കുട്ടികളും സംഭവത്തില്‍ മാപ്പ് പറഞ്ഞു. താന്‍ കോളേജിനെ ബഹുമാനിക്കുന്നുവെന്നും അപര്‍ണ കൂട്ടിച്ചേര്‍ത്തു.

ലോ കോളേജില്‍ യൂണിയന്‍ പരിപാടിക്ക് എത്തിയപ്പോഴായിരുന്നു ഒരു വിദ്യാര്‍ത്ഥിയില്‍ നിന്ന് നടിയ്ക്ക് മോശം അനുഭവമുണ്ടായത്. പൂ കൊടുക്കാനായി സ്റ്റേജില്‍ എത്തിയ വിദ്യാര്‍ത്ഥി കൈയില്‍ കയറി പിടിക്കുകയും തോളില്‍ കൈയിടാന്‍ ശ്രമിക്കുകയുമായിരുന്നു.

Read more

താരം അതൃപ്തി പ്രകടിപ്പിച്ചതോടെ വിദ്യാര്‍ത്ഥി ക്ഷമാപണം നടത്തി. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ വലിയ വിവാദമാകുകയായിരുന്നു. കോളേജിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നാലെ വിദ്യാര്‍ത്ഥിയെ കോളേജ് സസ്‌പെന്‍ഡ് ചെയ്തു.