ഞാനും എഐയുടെ സഹായം തേടാറുണ്ട്, അതിന്റെ ഫലം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്, എന്നാല്‍..: എആര്‍ റഹ്‌മാന്‍

സംഗീത രംഗത്ത് എഐ ഉപയോഗിക്കുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് സംഗീതസംവിധായകന്‍ എആര്‍ റഹ്‌മാന്‍. എന്നാല്‍ കലാകാരന്മാര്‍ക്ക് പകരമാകാന്‍ ഇതിനാവില്ല. താനും എഐ ഉപയോഗിക്കുന്നുണ്ട്, പോസ്റ്ററുകള്‍ക്കായി. അത് തന്നെ അമ്പരിപ്പിച്ചിട്ടുണ്ട് എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്.

ഞാന്‍ ഒരിക്കലും നിര്‍മിത ബുദ്ധിക്ക് എതിരല്ല. എങ്കിലും കലാകാരന്‍മാര്‍ക്കും അവരുടെ സര്‍ഗശേഷിയ്ക്കും പകരമാകാന്‍ എഐയ്ക്ക് സാധ്യമാകുമെന്ന് ഞാന്‍ കരുതില്ല. ഈണം സൃഷ്ടിക്കാന്‍ മനുഷ്യന്റെ ഹൃദയവും ബുദ്ധിപൂര്‍വ്വകമായ മനസും ആവശ്യമാണ്. ഞാനും എഐയുടെ സഹായം തേടാറുണ്ട്.

ഒരു ഉപകരണം എന്ന നിലയില്‍ എഐ നല്ലതാണ്. ഞാന്‍ പോസ്റ്ററിനായി എഐ ഉപയോഗിക്കാറുണ്ട്. ചില സമയത്ത് അതിന്റെ ഫലം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചില സമയത്ത് വളരെ മോശം ഫലമാണ് ലഭിക്കാറുള്ളത്. എന്നാണ് എആര്‍ റഹ്‌മാന്‍ ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

അതേസമയം, ഗിറ്റാറുമായി സ്റ്റേജില്‍ കയറി പാട്ടുപാടുന്ന യഥാര്‍ത്ഥ കലാകാരന്മാര്‍ തന്നെയാണ് ഭാവിയിലുണ്ടാവുക എന്ന് വിശ്വസിക്കുന്നതായും റഹ്‌മാന്‍ പറഞ്ഞു. പിഴവുകള്‍ കൂടുതല്‍ തിരിച്ചറിയാനും അംഗീകരിക്കാനും ഡിജിറ്റലൈസേഷന്‍ പ്രയോജനം ചെയ്യുമെന്നാണ് താന്‍ കരുതുന്നതെന്നും റഹ്‌മാന്‍ വ്യക്തമാക്കി.