മൈക്കിള്‍ ജാക്‌സണ്‍ തമിഴില്‍ പാടേണ്ടതായിരുന്നു, എന്ത് ചെയ്യാനും ശങ്കര്‍ തയാറായിരുന്നു പക്ഷെ സംഭവിച്ചത്..: എആര്‍ റഹ്‌മാന്‍

പോപ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ അന്തരിക്കുന്നതിന് മുമ്പ് 2009ല്‍ അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് സംസാരിച്ച് സംഗീതസംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍. ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ‘എന്തിരന്‍’ സിനിമയില്‍ മൈക്കിള്‍ ജാക്‌സണ്‍ പാടേണ്ടതായിരുന്നു എന്നാണ് എ.ആര്‍ റഹ്‌മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫ്രീ മലേഷ്യ ടുഡേ ന്യൂസിന്റെ ഭാഗമായി നടന്ന മീറ്റില്‍ ഒരു ആരാധകനോടാണ് റഹ്‌മാന്‍ പ്രതികരിച്ചത്.

2009ല്‍ ലോസ് ആഞ്ചലസില്‍ ഉണ്ടായിരുന്നപ്പോഴാണ് മൈക്കിള്‍ ജാക്‌സണുമായി റഹ്‌മാന്‍ കൂടിക്കാഴ്ച നടത്തിയത്. ”എനിക്ക് അദ്ദേഹത്തെ കാണാനാവുമോ എന്ന് അന്വേഷിക്കുകയായിരുന്നു. ഒരു ഇമെയില്‍ അയച്ചെങ്കിലും ഒരാഴ്ച്ച ആയിട്ടും മറുപടി ഒന്നുമുണ്ടായിരുന്നില്ല. അപ്പോഴാണ് എനിക്ക് ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ചത്.”

”അന്ന് മൈക്കളിന് എന്നെ കാണണമെന്ന് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ടീം എന്നെ അറിയിച്ചു.എന്നാല്‍ എനിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാണണ്ടെന്ന് ഞാന്‍ അവരെ അറിയിച്ചു. ഓസ്‌കര്‍ പുരസ്‌കാരം നേടിയതിന് ശേഷം കാണാമെന്നാണ് ഞാന്‍ പറഞ്ഞത്. ഓസ്‌കര്‍ ലഭിച്ചതിന് ശേഷം മൈക്കിള്‍ ജാക്‌സണെ കണ്ടു.”

”ലോസ് ആഞ്ചല്‍സിലെ ഒരു വീട്ടില്‍ വച്ചാണ് അദ്ദേഹത്തെ കണ്ടത്. ഞങ്ങള്‍ സംഗീതത്തെ കുറിച്ചും ലോകശാന്തിയെ കുറിച്ചും സംസാരിച്ചു. വീ ആര്‍ ദ വേള്‍ഡ് എന്ന ആല്‍ബത്തില്‍ എന്തുകൊണ്ട് ഒന്നിച്ച് പ്രവര്‍ത്തിച്ചൂടാ എന്ന് ചോദിച്ചു. അദ്ദേഹത്തിന്റെ കുട്ടികളെ പരിചയപ്പെടുത്തി. ഹൃദയം കൊണ്ട് നിന്നും എങ്ങനെ നൃത്തം ചെയ്യമെന്ന് അദ്ദേഹം കാണിച്ചു തന്നു.”

”അത് കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ ഈ കൂടിക്കാഴ്ചയെ കുറിച്ച് സംവിധായകന്‍ ശങ്കറിനോട് സംസാരിച്ചു. അപ്പോള്‍ ശങ്കര്‍ മൈക്കിള്‍ ജാക്‌സണ്‍ എന്തിരനില്‍ പാടുമോ എന്ന് എന്നോട് ചോദിച്ചു. അദ്ദേഹം തമിഴില്‍ പാടുമോ എന്നാണ് ഞാന്‍ തിരിച്ച് ചോദിച്ചത്. അദ്ദേഹത്തെ കൊണ്ട് പാടിക്കാന്‍ എന്ത് വേണമെങ്കിലും ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷെ അത് സാധിച്ചില്ല, ജൂണില്‍ അദ്ദേഹം അന്തരിച്ചു” എന്നാണ് എആര്‍ റഹ്‌മാന്‍ പറയുന്നത്.

Read more