വിവാഹമോചനത്തിന് പിന്നാലെ എ ആർ റഹ്മാന്‍ സംഗീതത്തില്‍ ഇടവേളയെടുക്കുന്നെന്ന വാർത്തയിൽ പ്രതികരിച്ച് മകൻ എ ആർ അമീൻ. എആർ റഹ്മാൻ ഭാര്യ സൈറ ബാനുവിൽ നിന്ന് വേർപിരിഞ്ഞതിന് പിന്നാലെ സംഗീത രംഗത്ത് നിന്നും ഒരു വർഷത്തേക്ക് ഇടവേള എടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണിപ്പോൾ മകൻ വിശദീകരണവുമായി രംഗത്തെത്തിയത്.
തന്റെ പിതാവ് സംഗീതത്തില്‍ ഇടവേള എടുക്കുന്നില്ലെന്നാണ് അമീന്‍ വ്യക്തമാക്കിയത്. തന്‍റെ ഇന്‍സ്റ്റ സ്റ്റോറിയിലൂടെയാണ് വെളിപ്പെടുത്തൽ. തന്റെ പിതാവ് ഇടവേള എടുക്കുമെന്ന് അവകാശപ്പെടുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അമീൻ പറയുന്നു. ആ വാർത്തകൾ അഭ്യൂഹങ്ങളല്ലാതെ മറ്റൊന്നുമല്ലെന്നും അമീൻ കുറിച്ചു.
ഇക്കഴിഞ്ഞ നവംബര്‍ മാസത്തിലാണ് റഹ്മാന്‍റെ ഭാര്യ സൈറ ബാനു തന്‍റെ 29 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചത്. ഇത് ശരിക്കും എആർ റഹ്മാൻ ആരാധകരെ ഞെട്ടിച്ചു. 1995 മാർച്ച് 12 ന് വിവാഹിതരായ ദമ്പതികൾ അടുത്ത വർഷം വിവാഹത്തിന് 30 വർഷം തികയുമായിരുന്നു. വേർപിരിഞ്ഞ് ഏതാനും മണിക്കൂറുകൾക്ക് ശേഷം റഹ്മാന്‍ സൈറ ദമ്പതികളുടെ മക്കളായ ഖദീജ റഹ്മാൻ, റഹീമ റഹ്മാൻ, എആർ അമീൻ എന്നിവർ മാതാപിതാക്കളുടെ വേർപിരിയലിനോട് പ്രതികരിക്കുകയും എല്ലാവരോടും കുടുംബത്തിന്‍റെ സ്വകാര്യതയെ മാനിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.