ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ വ്യത്യസ്തത സമ്മാനിച്ചാണ് ‘ഭ്രമയുഗം’ തിയേറ്ററിലെത്തിയത്. മമ്മൂട്ടി ആറാടിയ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനും സിനിമയുടെ തീമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സിനിമയുടെ ഷൂട്ടിംഗിനിടെ ഇത് കളര്‍ പടമായിരുന്നെങ്കില്‍ നന്നായിരിക്കുമെന്ന് തോന്നിപ്പോയിരുന്നു എന്നാണ് അര്‍ജുന്‍ അശോകന്‍ പറയുന്നത്. ”ഡയറക്ടര്‍ എന്തായാലും വെറുതെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം ചെയ്യില്ലല്ലോ. പിന്നെ ഷൂട്ട് നടക്കുന്ന സമയത്ത് നമുക്ക് ഇത് കളര്‍ ആണെങ്കിലോ എന്ന് തോന്നിപ്പോകും.”
”അങ്ങനെ ആലോചിച്ചെങ്കിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് തന്നെയാണ് നല്ലത്. അതാണ് അതിന്റെ മൂഡ്” എന്നാണ് അര്‍ജുന്‍ അശോകന്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് താന്‍ ചോദിച്ചിരുന്നു എന്നാണ് സിദ്ദാര്‍ത്ഥ് ഭരതന്‍ പറയുന്നത്.
”നമ്മളുടെ അടുത്ത് ആദ്യം ഈ കാര്യം പറയുമ്പോള്‍ തീര്‍ച്ചയായും എന്തുകൊണ്ടാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന് ചോദിക്കുമല്ലോ. അതിന് മറുപടിയായി അതിന്റേതായ കാരണങ്ങള്‍ സംവിധായകന്‍ പറഞ്ഞു തന്നു. സിനിമ പറയുന്നത് ഒരു പ്രത്യേക കാലഘട്ടത്തിലേതാണ്. പിന്നെ ഹൊറര്‍ ഴോണറിലുള്ള സിനിമയാണ്.”
Read more
”അങ്ങനെ വരുമ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കൂടുതല്‍ എഫക്റ്റിവാകും എന്ന് തോന്നി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നെ നമ്മള്‍ അതിനെ പറ്റി ചോദിച്ചിട്ടില്ല” എന്നാണ് സിദ്ധാര്‍ത്ഥ് ഭരതന്‍ പറയുന്നത്. അതേസമയം, ഗംഭീര പ്രതികരണങ്ങളാണ് ചിത്രം തിയേറ്ററില്‍ നിന്നും നേടുന്നത്. 3 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.