കലയെ എപ്പോഴും കലയായി മാത്രം കാണാനാകണമെന്നും രാഷ്ട്രീയപക്ഷം ചേർന്നുള്ള സിനിമകൾ യാഥാർത്ഥ്യങ്ങളെ മറച്ചുപിടിക്കുന്നതാണെന്നും വിഖ്യാത പോളിഷ് സംവിധായകൻ ക്രിസ്റ്റോഫ് സനൂസി. ഇരുപത്തിയെട്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഈ വർഷത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ക്രിസ്റ്റോഫ് സനൂസിക്ക് ഇന്ന് മേളയുടെ സമാപന ദിവസം സമ്മാനിക്കും.
“ഷേക്സ്പിയറിന്റെ എഴുത്തുകളിൽ രാഷ്ട്രീയം കാണാൻ കഴിയില്ല. അതിനു പരിശ്രമിച്ചാൽ ക്രിയാത്മകതയോടുള്ള ദ്രോഹമാണ്. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടി ആദർശങ്ങളെ വളച്ചൊടിക്കരുത് ജീവിതാദർശങ്ങൾ നടപ്പാക്കിയതിന് ശേഷമേ അതിനെ കുറിച്ച് സംസാരിക്കാവൂ. താത്കാലികമായ ബുദ്ധിമുട്ടുകളിൽ നിരാശപ്പെട്ട് ചലച്ചിത്ര രംഗത്തെ ചെറുപ്പക്കാർ ആ രംഗം ഉപേക്ഷിക്കരുത്, സ്വപ്നങ്ങൾ തേടിയുള്ള യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികൾക്ക് ശേഷം നല്ല കാലമുണ്ടാകും” പ്രശസ്ത ഫിലിം ക്രിട്ടിക് സി. എസ് വെങ്കിടേശ്വരനുമായുള്ള അഭിമുഖത്തിലാണ് ക്രിസ്റ്റോഫ് സനൂസി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
1939ല്‍ വാഴ്‌സയില്‍ ജനിച്ച സനൂസി പോളണ്ടിലെ ലോഡ്‌സിലെ നാഷണല്‍ ഫിലിം സ്‌കൂളില്‍ നിന്ന് ബിരുദം നേടി. 1966ല്‍ സംവിധാനം ചെയ്ത ‘ഡത്തെ് ഓഫ് എ പ്രോവിന്‍ഷ്യല്‍ അദ്ദേഹത്തിന്റെ ഡിപ്‌ളോമ ഫിലിം ആയിരുന്നു. വിശുദ്ധി, അശുദ്ധി, യൗവനം, വാര്‍ധക്യം, ജീിവിതം, മരണം എന്നീ പ്രമേയങ്ങളിലൂടെ കടന്നുപോവുന്ന ഈ ഹ്രസ്വചിത്രം അദ്ദേഹത്തിന്റെ പില്‍ക്കാല ചലച്ചിത്രജീവിതത്തിന്റെ ദിശാസൂചിയായി. ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിം ‘ദ സ്ട്രക്ചര്‍ ഓഫ് ക്രിസ്റ്റല്‍’ പോളിഷ് സിനിമയിലെ മൂന്നാംതരംഗത്തിലെ സുപ്രധാന ചിത്രങ്ങളിലൊന്നായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
എഴുപതുകളിലാണ് സനൂസിയുടെ ചലച്ചിത്രജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങള്‍ പിറവി കൊണ്ടത്. ദ ഇല്യുമിനിഷേന്‍ (1973), കമോഫ്‌ളാഷ് (1976), ഫാമിലി ലൈഫ് (1970), സ്‌പൈറല്‍ (1978) എന്നിവ ഇതില്‍പ്പെടുന്നു. ‘ലൈഫ് ഏസ് എ ഫാറ്റല്‍ സെക്ഷ്വലി ട്രാന്‍സ്മിറ്റഡ് ഡിസീസ്(1999),ഫോറിന്‍ ബോഡി (2014),എഥര്‍ (2018), ദ പെര്‍ഫക്റ്റ് നമ്പര്‍ (2022) എന്നിവയാണ് അദ്ദേഹത്തിന്റെ സമീപകാല ചിത്രങ്ങള്‍.
1984ലെ വെനീസ് മേളയില്‍ മികച്ച ചിത്രത്തിനുള്ള ഗോള്‍ഡന്‍ ലയണ്‍ പുരസ്‌കാരം നേടിയ ചിത്രമാണ് ‘എ ഇയര്‍ ഓഫ് ദ ക്വയറ്റ് സണ്‍’. ‘ദ കോണ്‍സ്റ്റന്റ് ഫാക്ടര്‍’ കാന്‍ ചലച്ചിത്രമേളയില്‍ പ്രത്യേകജൂറി പുരസ്‌കാരം നേടിയിട്ടുണ്ട്. തന്റെ സുഹൃത്തായ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കിയുടെ ‘ക്യാമറ ബഫ്’ എന്ന സിനിമയില്‍ താനായി തന്നെ സനൂസി വേഷമിട്ടിരുന്നു. 1980കളുടെ ഒടുവില്‍ സ്വീഡിഷ് സംവിധായകന്‍ ഇംഗ്മര്‍ ബെര്‍ഗ്മാനുമായി ചേര്‍ന്ന് സനൂസി യൂറോപ്യന്‍ ഫിലിം അക്കാദമി സ്ഥാപിച്ചു.
Read more
ചലച്ചിത്രാധ്യാപകന്‍ കൂടിയായ സനൂസി ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്റിലെ യൂറോപ്യന്‍ ഗ്രാജ്വേറ്റ് സ്‌കൂള്‍, പോളണ്ടിലെ ക്രിസ്റ്റോഫ് കീസ്ലോവ്‌സ്‌കി ഫിലിം സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രൊഫസറാണ്. 1998ല്‍ നടന്ന ഐ.എഫ്.എഫ്.കെയില്‍ സനൂസി പങ്കെടുത്തിരുന്നു.