ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ സോഷ്യൽ മീഡിയയിൽ പ്രകടമാണ്: ആസിഫ് അലി

എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി പേരാണ് ആസിഫ് അലിക്ക് പിന്തുണയുമായി എത്തിയത്. കൂടാതെ രമേശ് നാരായണന് വിമർശനങ്ങളുമായി കലാ സാംസ്കാരിക രംഗത്തെ നിരവധി പേർ രംഗത്തുവന്നിരുന്നു. തുടർന്ന് രമേശ് നാരായണൻ ആസിഫ് അലിയോട് മാപ്പ് പറയുകയും രമേശ് നാരായണനെതിരെയുള്ള സൈബർ ആക്രമണത്തിൽ പ്രതികരിക്കുകയും ചെയ്തിരുന്നു.

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ തനിക്കും സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും, അതുകൊണ്ട് തന്നെ രമേശ്‌ നാരായണന്റെ സാഹചര്യം തനിക്ക് എളുപ്പത്തിൽ മനസിലാവുമെന്നും ആസിഫ് അലി പറയുന്നു.

“എനിക്കും സൈബർ ആക്രമണം പോലെയുള്ള സാഹചര്യങ്ങൾ ഒരുപാട് നേരിടേണ്ടി വന്നിട്ടുണ്ട്. എന്റെ കരിയറും ലൈഫും ജീവിതത്തിലെ സമാധാനവും തീർന്നുവെന്ന് കരുതിയ ഒരു അവസരം വരെ ഉണ്ടായിരുന്നു. നമ്മൾ കാണാത്ത, നമ്മളെ അറിയാത്ത ആരൊക്കെയോ ഇരുന്ന് നമ്മളെ കുറ്റം പറയുമ്പോൾ ഒരു നിസ്സഹായവസ്ഥ വരും.

ഞാനതിൽ യൂസ്ടാണ്. അന്ന് ഞാനും ഒരുപാട് അനുഭവിച്ചിരുന്നു. അത് നോക്കുമ്പോൾ ഇത് വലിയ കാര്യമൊന്നുമല്ല. അതുകൊണ്ട് രമേശ്‌ നാരായണന്റെ സാഹചര്യം എനിക്ക് എളുപ്പത്തിൽ മനസിലായി. ജാതിയും മതവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ പ്രകടമാണ്.” എന്നാണ് നേരെ ചൊവ്വെയിൽ ആസിഫ് അലി പ്രതികരിച്ചത്.

അതേസമയം ‘ലെവൽ ക്രോസ്’ ആണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. ജൂലൈ 26-നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അമല പോൾ, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജീത്തു ജോസഫ് അവതരിപ്പിച്ച് നവാഗതനായ അർഫാസ് അയൂബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സർവൈവൽ ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ടുണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആസിഫ് അലിയുടെ കരിയർബെസ്റ്റ് പ്രകടനമായിരിക്കും ചിത്രത്തിലെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിക്കുന്നത്.

Read more