ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ആസിഫ് അലി ഇന്ന് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. പിന്നീട് കഥ തുടരുന്നു, അപൂർവ്വരാഗം, ട്രാഫിക്, സാൾട്ട് ആന്റ് പെപ്പെർ, ഓർഡിനറി, മല്ലു സിംഗ് തുടങ്ങീ ചിത്രങ്ങളിലൂടെ കരിയറിന്റെ തുടക്കകാലത്ത് തന്നെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാൻ ആസിഫ് അലിക്ക് സാധിച്ചിരുന്നു.
എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങൾ’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെ നടൻ ആസിഫ് അലിയിൽ നിന്നും മൊമന്റോ വാങ്ങാൻ രമേഷ് നാരായൺ വിസമ്മതിച്ചതും താരത്തെ അപമാനിച്ചതും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. അർഫാസ് അയൂബ് സംവിധാനം ചെയ്ത ‘ലെവൽ ക്രോസ്’ ആസിഫ് അലിയുടെ ഏറ്റവും പുതിയ ചിത്രം. സർവൈവൽ- ത്രില്ലർ ഴോണറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ സിനിമാജീവിതത്തെ കുറിച്ചും മറ്റും സംസാരിക്കുകയാണ് ആസിഫ് അലി. ഇരുപത്തിമൂന്നാം വയസ്സിൽ സിനിമയിലെത്തിയ തനിക്ക് ഇപ്പോൾ പക്വത വന്നിട്ടുണ്ടെന്നാണ് ആസിഫ് അലി പറയുന്നത്.
“ഋതു എന്ന സിനിമയിലൂടെ 15 വർഷംമുൻപ് വെള്ളിത്തിരയിലേക്ക് വരുമ്പോൾ എനിക്ക് 23 വയസ്സായിരുന്നു. 23-കാരനിൽനിന്ന് 38-കാരനിലേക്കെത്തുമ്പോൾ ഒരു മനുഷ്യനുണ്ടാകുന്ന എല്ലാ മാറ്റങ്ങളും എനിക്കും സംഭവിച്ചിട്ടുണ്ട്. ഒരു പ്രത്യേക പ്രായംവരെ എനിക്ക് കുടുംബ സിനിമകൾ എന്താണെന്ന് പൂർണമായി അറിയില്ലായിരുന്നു. ആ സമയത്തെ എന്റെ പ്രായവും പക്വതയുമെല്ലാം സ്വാഭാവികമായും എന്റെ ഇഷ്ടങ്ങളെ സ്വാധീനിച്ചിട്ടുണ്ട്.
ഇപ്പോൾ കൂടുതൽ പക്വതയും അനുഭവവും കൈവന്നപ്പോൾ എന്റെ സിനിമയോടുള്ള കാഴ്ചപ്പാടുകളും മാറിയിട്ടുണ്ട്. ഏത് സിനിമയുടെ ക്ഷണം വന്നാലും അതിൽ ഏത് തിരഞ്ഞെടുക്കണമെന്നത് എന്റെമാത്രം അവകാശവും സ്വാതന്ത്ര്യവുമാണ്. അത് മറ്റാർക്കും ഞാൻ നൽകിയിട്ടില്ലാത്തതിനാൽ അത് പരാജയമായാൽ എന്റെമാത്രം പ്രവൃത്തിയുടെ ഫലമാണെന്ന് കരുതാനാണ് എനിക്കിഷ്ടം.” എന്നാണ് മാതൃഭൂമി വാരാന്തപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ആസിഫ് അലി പറഞ്ഞത്.
അതേസമയം ണീഷ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രം കൂടിയാണ് ലെവൽ ക്രോസ്. ഒറ്റപ്പെട്ട ഒരു വരണ്ട ഗ്രാമത്തിലെ ലെവൽ ക്രോസിൽ വാച്ച്മാനായി ജോലി ചെയ്യുന്ന യുവാവും, ട്രെയനിൽ നിന്ന് വീണ് അപകടത്തിൽപെട്ട് അതിജീവിക്കുന്ന യുവതിയും തുടർന്നുണ്ടാവുന്ന സംഘർഷങ്ങളും അതിന്റെ തുടർച്ചകളുമാണ് ചിത്രത്തിന്റെ പ്രമേയം.
ദൃശ്യം 2, റാം, കൂമൻ, 12th മാൻ എന്നീ ചിത്രങ്ങളിൽ ജീത്തു ജോസഫിന്റെ സഹ സംവിധായകനായി പ്രവർത്തിച്ച വ്യക്തിയാണ് അർഫാസ് അയൂബ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിൽ അസോസിയേറ്റ് ഡയറക്ടർ ആയും അർഫാസ് പ്രവർത്തിച്ചിട്ടുണ്ട്. പാഷൻ സ്റ്റുഡിയോസിന്റെയും അഭിഷേക് ഫിലിംസിന്റെയും ബാനറിൽ രമേശ് പിള്ളയും സുധൻ സുന്ദരവുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.