യുദ്ധത്തിനിടെയിലായിരുന്നു ഫഹദിന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ്; മനോരഥങ്ങളെ കുറിച്ച് അശ്വതി വി നായർ

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരനും തിരക്കഥാകൃത്തും സംവിധായകനുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി, മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുകയാണ്. ഓണത്തിനാണ് മനോരഥങ്ങൾ പ്രേക്ഷകരിലേക്ക് എത്തുന്നത്. സീ 5-ലൂടെ ഓരോ സിനിമയായി ചിത്രം പ്രേക്ഷകർക്ക് കാണാവുന്നതാണ്. ചിത്രങ്ങളുടെ ട്രെയ്‌ലർ റിലീസ് എംടിയുടെ ജന്മദിനത്തിനായിരുന്നു പുറത്തുവിട്ടത്.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തെ കുറിച്ച് സംസാരിക്കുകയാണ് എംടിയുടെ മകൾ അശ്വതി വി നായർ. ഫഹദ്- മഹേഷ് നാരായണൻ- നദിയ മൊയ്ദു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ഷെർലക്ക് എന്ന ചിത്രമായിരുന്നു ഷൂട്ട് ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ടേറിയത് എന്നാണ് അശ്വതി പറയുന്നത്.

“ഏറെ ചാലഞ്ചിം​ഗ് ആയിരുന്നു ഷെർലൊക്കിന്റെ ഷൂട്ടിം​ഗ്. സത്യത്തിൽ യുദ്ധം തുടങ്ങുന്നതിനൊക്കെ മുന്നേ ആയിരുന്നു കാനഡയിലേക്ക് പോകേണ്ടിയിരുന്നത്. പക്ഷേ വിസ പ്രോസസിം​ഗ് അൽപം വൈകി. അവസാനം വിസ ശരിയായി വന്നപ്പോഴാണ് യുദ്ധം തുടങ്ങിയത്. അങ്ങനെ വീണ്ടും യാത്രക്ക് തടസ്സം വന്നു. ഇതിൽ ഞങ്ങൾ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി ഫഹദിന്റെ ഡെയ്റ്റ് ആയിരുന്നു. ആ സമയത്ത് വിക്രം, പുഷ്പ എന്നീ സിനിമകൾ ഫഹദ് ചെയ്യുന്ന സമയമായിരുന്നു. അതിനിടയിൽ ഈ ചിത്രത്തിനായി 12 ദിവസം ഫഹദ് തന്നു.

എന്നാൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിംഗ് പാതി വഴിയിൽ പെട്ടുപോവുമോ എന്നു പോലും ചിന്തിച്ചു. പിന്നീട് ഒരുപാട് ബുദ്ധിമുട്ടി ഒന്ന് രണ്ട് ആഴ്ചക്കുള്ളിൽ തന്നെ എല്ലാം ശരിയാക്കി. യുദ്ധം നടക്കുന്നുണ്ടായിരുന്നെങ്കിൽ പോലും കാനഡയിൽ അത്ര വലിയ പ്രശ്നങ്ങൾ ബാധിച്ചിരുന്നില്ല. എന്നാൽ കാലവസ്ഥ വലിയ രീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി

ഷൂട്ടിം​ഗ് നടന്നത് ശൈത്യകാലത്തായിരുന്നു. അതിനാൽ തണുപ്പ് വളരെ കൂടുതലായിരുന്നു. പിന്നെ റോഡിൽ ഷൂട്ട് ചെയ്യുമ്പോൾ പലതരം അപകടങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു. എന്നാൽ അവിടുത്തെ ലോക്കൽ ​ഗവൺമെന്റിന്റെ സഹകരണം പൂർണമായും ലഭിച്ചിരുന്നു.” എന്നാണ് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ അശ്വതി പറയുന്നത്.

മോഹൻലാലിനെ നായകനാക്കി ‘ഓളവും തീരവും’, ബിജു മേനോൻ നായകനാവുന്ന ‘ശിലാലിഖിതം’ എന്നീ രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത് പ്രിയദർശൻ ആണ്.എംടിയുടെ ആത്മകഥാംശമുള്ള ‘കഡുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത് ആണ് സംവിധാനം ചെയ്യുന്നത്. എംടിയുടെ ഏറ്റവും മികച്ച ചെറുകഥകളിൽ ഒന്നെന്ന് വിലയിരുത്തപ്പെടുന്ന ‘ഷെർലക്ക്’ സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണനും നായകനായി എത്തുന്നത് ഫഹദ് ഫാസിലുമാണ്.

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്നത് ‘അഭയം തേടി’ എന്ന ചെറുകഥയാണ്, സിദ്ദിഖ് ആണ് അഭയം തേടിയിൽ പ്രധാന കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘സ്വർഗം തുറക്കുന്ന സമയം’ സംവിധാനം ചെയ്യുന്നത് ജയരാജ് ആണ്.

ആസിഫ് അലി, മധുബാല എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘വില്പന’യാണ് അശ്വതി സംവിധാനം ചെയ്യുന്നത്. പാർവതി തിരുവോത്ത് നായികയായെത്തുന്ന ‘കാഴ്ച’ സംവിധാനം ചെയ്യുന്നത് ശ്യാമ പ്രസാദ് ആണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ‘കടൽക്കാറ്റി’ൽ ഇന്ദ്രജിത്തും അപർണ്ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Latest Stories

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ