ഒരിക്കലും ആരും എന്നോട് കാണിക്കാത്ത ദയ നിങ്ങള്‍ കാണിച്ചു; സച്ചിയെ ഓര്‍ത്ത് 'കണ്ണമ്മ'

സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമ “അയ്യപ്പനും കോശിയും”. സൂപ്പര്‍ ഹിറ്റായ ചിത്രത്തില്‍ കണ്ണമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗൗരി നന്ദയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സിനിമാ ജീവിതത്തില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കാന്‍ അവസരം ഉണ്ടാക്കി തന്നത് സച്ചിയാണെന്ന് ഗൗരി നന്ദ പറയുന്നു.

ഗൗരി നന്ദയുടെ കുറിപ്പ്:

എന്റെ ജീവിതത്തില്‍ ഞാന്‍ സ്നേഹിക്കുന്ന, വിശ്വസിക്കുന്ന, സ്വപ്നം കാണുന്ന എന്റെ സിനിമാ ജീവിതത്തില്‍ എന്നെ അഭിമാനത്തോടെ തല ഉയര്‍ത്തി നടക്കാന്‍ എനിക്ക് അവസരം ഉണ്ടാക്കി തന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ സിനിമ.. സിനിമയില്‍ എനിക്കും ഒരു സ്ഥാനം ഉണ്ട് എന്ന് എന്നെ തന്നെ സന്തോഷിപ്പിക്കുന്ന തരത്തില്‍ എന്നിലെ കലാകാരിയെ, അഭിനയത്രിയെ ഈ സമൂഹത്തിന് മുന്‍പില്‍ അഭിമാനത്തോടും, അംഗീകാരത്തോടും നിര്‍ത്തിയ എന്റെ കഥാപാത്രം “കണ്ണമ്മ”…

സച്ചിയേട്ടാ നിങ്ങള്‍ അറിഞ്ഞില്ലായിരുന്നു എങ്കില്‍ ഒരുപക്ഷെ ഞാന്‍ എന്താകുമായിരുന്നു എന്ന് ഇന്നും എനിക്ക് അറിയില്ല. കാരണം ഇങ്ങനെ ഒരു അവസരത്തിനായി ഞാന്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയിരുന്നു. എന്നിലെ കലാകാരിയെ മനസിലാക്കി അവള്‍ക്ക് വേണ്ടത് എന്താണ് എന്ന് അറിഞ്ഞു തന്നെ നിങ്ങള്‍ പ്രവര്‍ത്തിച്ചു. ഒരിക്കലും ആരും എന്നോട് കാണിക്കാത്ത ദയ നിങ്ങള്‍ എന്നോട് കാണിച്ചു. ആ കലാകാരിക്ക് വേണ്ടത് എല്ലാം നല്‍കി സമൂഹത്തില്‍ അറിയപ്പെടുന്ന, എല്ലാവരും ഇഷ്ട്ടപെടുന്ന നടിയാക്കി..

ഇന്ന് എല്ലാവരും അംഗീകരിച്ച നടി, കലാകാരി ആയി എങ്കില്‍ അത് നിങ്ങള്‍മൂലം ആണ് സച്ചിയേട്ടാ .. പക്ഷെ എല്ലാം പ്രസക്തിയും നല്‍കി നിങ്ങള്‍ അപ്രത്യക്ഷമായി യാത്ര പറഞ്ഞപ്പോള്‍ വീണ്ടും എല്ലാം തുടങ്ങണം എന്ന് തോന്നുന്നു.. ജീവിതം ഉളള സമയം വരെ സിനിമ നിലനില്‍കുന്നതുവരെ ഞാന്‍ സ്നേഹിക്കുന്ന എന്റെ സിനിമ എന്നില്‍ നിലനില്‍കുന്നതുവരെ സച്ചിയേട്ടാ നിങ്ങള്‍ക്ക് ഞാന്‍ എന്റെ “ഗുരു” സ്ഥാനം മനസ്സറിഞ്ഞു നല്‍കും … എന്നില്‍ നിറഞ്ഞാടിയ കണ്ണമ്മ വെറും കഥാപാത്രം ആയി കാണാതെ അതിനെ ഞാന്‍ എന്നില്‍ ഒരുവളായി തന്നെ നിലനിര്‍ത്തും…

ഈ കഥാപാത്രം കൊണ്ടും, ഈ സിനിമകൊണ്ടും ലോകത്തിന്റെ ഏത് കോണിലും അതുപൊലെ സിനിമാ ജീവിതത്തിന്റെ ഏത് വലിയ സ്ഥാനത്തും എത്താന്‍ ഞാന്‍ ശ്രമിക്കും .. എനിക്ക് നേടണം ഞാന്‍ ആഗ്രഹിക്കുന്ന സ്ഥാനമാനങ്ങള്‍ അതിന് വേണ്ടി തുടങ്ങുന്നു എന്റെ പ്രയത്‌നങ്ങള്‍ വീണ്ടും.. പക്ഷെ ഈ തവണ കൂടെ ഉണ്ടാകണം എന്റെ ഉയര്‍ച്ച ആഗ്രഹിച്ച, നന്‍മ ആഗ്രഹിച്ച സച്ചിയേട്ടന്റെ ആ മനസ്സറിഞ്ഞുള്ള അനുഗ്രഹം…

ഈ സിനിമയുടെ ഒപ്പം ഉണ്ടായിരുന്നവര്‍ ഇതും ആയി സഹകരിച്ച ഞാന്‍ അറിയുന്നതും അറിയാത്തതുമായ ഓരോരുത്തരോടും എന്റെ സ്‌നേഹവും നന്ദിയും അറിയിക്കുന്നു.. ഞങ്ങളുടെ ഈ സിനിമ നിങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് എന്നും പ്രിയപെട്ടതാക്കി മാറ്റിയ പ്രിയപ്പെട്ട പ്രേക്ഷകരോടും സ്‌നേഹവും നന്ദിയും.. സിനിമ ഉളള കാലം വരെ സിനിമയെ സ്നേഹിക്കുന്ന എല്ലാവരിലും സച്ചിയേട്ടനും ഉണ്ടാക്കും.. എന്നിലും!

Read more