കോട്ടും സ്യൂട്ടുമിട്ട് കാനിൽ വന്ന് നിൽക്കണമെന്ന് പായൽ എന്നോട് പറഞ്ഞിരുന്നു, പക്ഷേ.. :അസീസ് നെടുമങ്ങാട്

ഇന്ത്യൻ സിനിമയുടെയും മലയാളത്തിന്റെയും അഭിമാനമായി പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രം വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്കാരം നേടിയിരിക്കുകയാണ്. മലയാളികളായ കനി കുസൃതി ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കൂടാതെ മലയാളത്തിൽ നിന്നും അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. ഡോക്ട്ർ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തിൽ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് അസീസ് നെടുമങ്ങാട്. ഹിന്ദി അറിയാത്ത മലയാളിയായ ഡോക്ടറുടെ കഥാപാത്രമായതിനാൽ തന്നെ തനിക്ക് അധികം അഭിനയക്കേണ്ടി വന്നിട്ടില്ലെന്നാണ് അസീസ് പറയുന്നത്. കൂടാതെ തന്റെ കഥാപാത്രത്തിന് വേണ്ടി ഒന്നര വർഷം ഓഡിഷൻ നടന്നിട്ടാണ് തന്നിലേക്ക് എത്തിയതെന്നും അസീസ് പറയുന്നു.

“ടൊവിനോയുടെ സിനിമയുടെ ലൊക്കേഷനില്‍ ടൊവിനോട് വെറുതേ തമാശ പറയുന്നതിനിടയിലാണ് അടുത്തത് ഒരു ഹിന്ദി സിനിമയിലാണ് അഭിനയിക്കുന്നത് എന്ന് പറയുന്നത്. പായല്‍ കപാഡിയയുടെ സിനിമയാണെന്ന് പറഞ്ഞു. പായല്‍ കപാഡിയ ആരാണെന്ന് എനിക്ക് സത്യസന്ധമായും അറിയില്ല. ഇത് പറയുമ്പോള്‍ അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ആയിരുന്നു. ഈ സമയം അവിടെ ബോംബെയില്‍ നിന്നുള്ള ചില ആര്‍ടിസ്റ്റുകളുണ്ടായിരുന്നു.

അവര്‍ ചോദിച്ചു, പായല്‍ കപാഡിയയുടെ ചിത്രത്തിലോ എന്ന്. അറിയുമോ എന്ന് ചോദിച്ചപ്പോള്‍, അയ്യോ ഏത് റോളാണ് ചേട്ടാ എന്നാണ് തിരിച്ച് ചോദിച്ചത്. അതില്‍ ഒരു ഡോക്ടര്‍ മനോജിന്റെ കാരക്ടര്‍ ആണ്. ഇത് കേട്ടിട്ട് വേറെ ഒരു പയ്യന്‍ പറഞ്ഞു, ചേട്ടാ, ആ ഒരു കാരക്ടറിന് വേണ്ടി ഒന്നര വര്‍ഷം അവര്‍ ഓഡീഷന്‍ ചെയ്യുന്നുണ്ടായിരുന്നു. ഇത് കേട്ടപ്പോള്‍ ആ കാരക്ടറിന് വേണ്ടി ഒന്നര വര്‍ഷം ഓഡീഷനോ എന്ന് തന്നെയാണ് തിരിച്ച് ചോദിച്ചത്,’ അസീസ് പറഞ്ഞു.

അവര്‍ മലയാളത്തിലെ പലരെയും നോക്കിയിരുന്നു. പക്ഷെ ഇത് കേട്ടപ്പോള്‍ ഞാന്‍ ഉറപ്പിച്ചു, ഞാന്‍ പോയിട്ട് കാര്യമില്ലെന്ന്. പക്ഷെ പായല്‍ എന്നെ വീണ്ടും വിളിച്ചു കൊണ്ടിരുന്നു. അവരുടെ മനസിലെ ഡോക്ടര്‍ മനോജിന്റെ കാരക്ടര്‍ ഞാന്‍ തന്നെ ചെയ്യണം എന്ന് പറഞ്ഞു. ദൈവാനുഗ്രഹമായിട്ടാണ് കാണുന്നത്.

ഹിന്ദി അറിയാത്ത മലയാളി ഡോക്ടറുടെ വേഷമായിരുന്നു. അതുകൊണ്ട് തന്നെ അഭിനയിക്കേണ്ടി വന്നില്ല എന്നതാണ്. ചിത്രത്തില്‍ ലൈറ്റ്, ക്യാമറ തുടങ്ങി എല്ലാം ചെയ്തിരിക്കുന്നത് ഇംഗ്ലീഷുകാരാണ്. അതുകൊണ്ട് ഞാന്‍ ഒരക്ഷരം ആരുടെയും അടുത്ത് മിണ്ടുകയും സംസാരിക്കുകയും ഒന്നും ചെയ്തിട്ടില്ല. പായല്‍ കാനിലേക്ക് വരണം എന്ന് എന്നോട് പറഞ്ഞിരുന്നു. കോട്ടും സ്യൂട്ടും ഒക്കെ ആയി നില്‍ക്കണം എന്ന് പറഞ്ഞതാണ്.

പക്ഷെ എനിക്ക് ആറ് മാസം മുന്നെ അഡ്വാന്‍സ് വാങ്ങിച്ച സിനിമയില്‍ അഭിനയിക്കണമായിരുന്നു. എന്തായാലും അവര്‍ പോയി വരട്ടെ എന്നാണ് ചിന്തിച്ചത്. അവാര്‍ഡ് പ്രതീക്ഷിച്ചിട്ടില്ല. പക്ഷെ സെലക്ഷന്‍ കിട്ടിയല്ലോ. കനി തിരിച്ചുവരാന്‍ നില്‍ക്കുമ്പോഴാണ് കമ്മിറ്റിയില്‍ നിന്ന് വിളിച്ചു പറയുന്നത് പോകണ്ട ഒരു ദിവസം കൂടി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന്.

അപ്പോഴാണ് എന്തോ ഉണ്ടെന്ന് അവര്‍ക്കും മനസിലായത്. സത്യമായും കാനിന്റെ വാല്യു എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു. മമ്മൂക്ക ഇങ്ങോട്ട് മെസേജ് അയച്ചു, നീ എന്താടാ പോകാഞ്ഞത് എന്ന് ചോദിച്ചു. പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള ആളുകള്‍ പേര് മെന്‍ഷന്‍ ചെയ്ത് സ്‌റ്റോറി ഒക്കെ ഇട്ടു. കാണുമ്പോള്‍ ഒത്തിരി സന്തോഷമുണ്ട്.”എന്നാണ് മീഡിയ വണ്ണിനോട് പ്രതികരിക്കവെ അസീസ് നെടുമങ്ങാട് പറഞ്ഞത്.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ (FTII) നിന്നും ബിരുദം കരസ്ഥമാക്കിയ പായൽ കപാഡിയയുടെ ‘എ നൈറ്റ് ഓഫ് നോയിങ് നത്തിങ്’ എന്ന ചിത്രം മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം 2021-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റുവാങ്ങിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ