അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ആരും ഇല്ലായിരുന്നു എന്നാണല്ലോ പറയുന്നത്; 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി വിവാദത്തിൽ സംവാദത്തിന് വെല്ലുവിളിച്ച് ബി. ഉണ്ണികൃഷ്ണൻ

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണെന്ന നിഷാദ് കോയയുടെ ആരോപണത്തിൽ കഴിഞ്ഞ ദിവസമാണ് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ലിസ്റ്റിൻ സ്റ്റീഫനേയും ഡിജോ ജോസ് ആന്റണിയെയും പിന്തുണച്ചുകൊണ്ട് പത്ര സമ്മേളനം നടത്തിയത്. നിഷാദ് കോയയുടെ തിരക്കഥയുമായി ഷാരിസ് എഴുതിയ തിരക്കഥയ്ക്ക് സാമ്യമുണ്ടായത് തികച്ചും ആകസ്മികമാണെന്നായിരുന്നു ഉണ്ണികൃഷ്ണൻ പറഞ്ഞത്.

എന്നാൽ പത്ര സമ്മേളനത്തിന് ശേഷം നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ ഉണ്ണികൃഷ്ണനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. ഇപ്പോഴിതാ അത്തരത്തിലൊരു പോസ്റ്റിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ബി. ഉണ്ണികൃഷ്ണൻ അൽപബുദ്ധിയായ തന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ഇന്നലത്തെ പത്ര സമ്മേളനത്തിൽ ബോധമുള്ള ആരും ഇല്ലായിരുന്നു എന്നാണല്ലോ താങ്കൾ പോസ്റ്റിൽ പറയുന്നത് എന്നാണ് ഉണ്ണികൃഷ്ണൻ ചോദിക്കുന്നത്. കൂടാതെ 10, 11 തിയ്യതികളിൽ ഏതെങ്കിലും ഒരു ദിവസം നേരിട്ട് സംവാദത്തിന് തയ്യാറാണെന്നും ഉണ്ണികൃഷ്ണൻ പറയുന്നു.

“അൽപ്പ ബുദ്ധിയായ എന്നോട് ചോദ്യങ്ങൾ ചോദിക്കാൻ ഇന്നലത്തെ പത്ര സമ്മേളനത്തിൽ ‘ബോധമുള്ള ആരും’ ഇല്ലായിരുന്നു എന്നാണല്ലോ അങ്ങ് പറയുന്നത്. ഈ വിഷയത്തിൽ നിങ്ങളുമായി ഒരു സംവാദത്തിന് ഞങ്ങൾ തയ്യാറാണ്. ഈ ഗ്രൂപ്പിലെ ഈ പോസ്റ്റിട്ട ആളുൾപ്പടെ പത്ത് പേർക്ക് നേരിട്ട് വരാം. 10 ,11 തീയതികളിൽ ഒന്ന് നിങ്ങൾ തീരുമാനിച്ചോളൂ. സ്ഥലം, സംവാദം ഷൂട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ എന്നിവ ഞങ്ങൾ സജ്ജമാക്കും. ക്ഷണം സ്വീകരിക്കുമല്ലോ? നന്ദി” എന്നാണ് പോസ്റ്റിൽ മറുപടിയായി ഉണ്ണികൃഷ്ണൻ പറയുന്നത്.