ശ്യാം പുഷ്കരനെ പോലെ ബ്രില്ല്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണ: ബി. ഉണ്ണികൃഷ്ണൻ

സമീപകാല മലയാളം സിനിമ ചർച്ചകളിൽ ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരാണ് ഉദയകൃഷ്ണയുടെത്. മുൻപ് ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടുക്കെട്ടിൽ വാണിജ്യ വിജയം കൈവരിച്ച ഒരുപാട് സിനിമകൾ മലയാളത്തിൽ  ഇറങ്ങിയിട്ടുണ്ട്. എന്നാൽ അവസാനമിറങ്ങിയ ഉദയകൃഷ്ണ തിരക്കഥയെഴുതിയ സിനിമകളൊക്കെ വലിയ രീതിയിൽ വിമർശനം നേരിട്ടിരുന്നു.

ഇപ്പോഴിതാ ഉദയകൃഷ്ണയെ കുറിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ശ്യാം പുഷ്കരനെ പോലെ ബ്രില്ല്യന്റായ എഴുത്തുകാരനാണ് ഉദയകൃഷ്ണയും എന്നാണ് ബി. ഉണ്ണികൃഷ്ണൻ പറയുന്നത്.

ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഈയടുത്ത് പുറത്തിറങ്ങിയ ആറാട്ട്, ക്രിസ്റ്റഫർ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണയായിരുന്നു.

“തമിഴ്നാട് എടുക്കുകയാണെങ്കിൽ അവിടെ അറ്റ്ലിയുമുണ്ട് വെട്രിമാരനുമുണ്ട്. അത്തരം പല സ്വഭാവമുള്ള സിനിമകൾ ഒരു ഇൻഡസ്ട്രിക്ക് തീർച്ചയായും വേണം. പുതിയ ആളുകളെല്ലാം ബ്രില്ല്യന്റ് ഫിലിം മേക്കേർസാണ്.

വളരെ നാളുകൾക്ക് ശേഷം മലയാളത്തിന് ലഭിച്ച ഒരു ബ്രില്ല്യന്റ് റൈറ്ററാണ് ശ്യാം പുഷ്കരൻ. ഒരു എഴുത്തുകാരൻ എന്ന് കേൾക്കുമ്പോൾ, ഹാ ഇതൊരു എഴുത്തുകാരൻ തന്നെ, എന്ന് നമ്മുക്ക് തോന്നണം. ശ്യാം പുഷ്കരൻ അങ്ങനെയാണ്.

ഇതേ ബ്രില്ല്യൻസ് തന്നെയാണ് ഉദയകൃഷ്ണ എന്ന സ്ക്രിപ്റ്റ് റൈറ്ററിലും മറ്റൊരു രീതിയിലുള്ളത്. ഞാനിത് പറയുമ്പോൾ ഭയങ്കര വിവാദങ്ങളിലേക്ക് പോകാം
ഞാൻ ഒരിക്കലും ഒരേപോലെ താരതമ്യപ്പെടുത്തുകയല്ല. ശ്യാം ഭയങ്കര ഗംഭീരമായി അയാളുടേതായൊരു സിനിമ ചെയ്യുമ്പോൾ, ഉദയനെ സംബന്ധിച്ച് കൃത്യമായി എല്ലാ എലമെന്റ്സും കോർത്തിണക്കി ഒരു സിനിമയുണ്ടാക്കാൻ അദ്ദേഹത്തിന് അറിയാം” ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉണ്ണികൃഷ്ണൻ മുൻപ് ഇങ്ങനെ പറഞ്ഞത്.