'എനിക്ക് സിനിമ ഇല്ലാതാക്കിയത് ആ സ്ത്രീയാണ്, ഒരുനാള്‍ അവര്‍ കണക്ക് പറയേണ്ടി വരും'

സൂപ്പര്‍ ആക്ഷന്‍ ഹിറോ ആയി തിളങ്ങിയിട്ടും പരാജയത്തിന്റെ പടുകുഴിയിലേയ്ക്ക് വീണ ആളാണ് താനെന്നും അതിനു കാരണം ഒരു സ്ത്രീയാണെന്നും നടന്‍ ബാബു ആന്റണി പറഞ്ഞു. അവരുടെ പേര് വെളിപ്പെടുത്തുന്നില്ല. അതാരാണെന്ന് മലയാള സിനിമയെ കഴിഞ്ഞ ഇരുപത് വര്‍ഷമായി അറിയാവുന്ന എല്ലാവര്‍ക്കുമറിയാം.സിനിമയില്‍ നിന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നു. അതിനുവേണ്ടി പല പ്രചാരണങ്ങളും നടന്നു. ഇന്നത്തെ പോലെയായിരുന്നില്ല അന്ന് സിനിമാ ലോകം. പലരും കള്ളക്കഥകള്‍ വിശ്വസിച്ചു. അവസരങ്ങള്‍ കുറഞ്ഞു. ഇരുപതിലധികം ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടതെന്നും ബാബു ആന്റണി മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ജനങ്ങള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വന്നുവെന്നായിരുന്നു അന്ന് സംവിധായകരും നിര്‍മാതാക്കളും പറഞ്ഞത്. അത് കുറെയൊക്കെ ശരിയായിരുന്നു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെങ്കിലും കള്ളപ്രചാരണങ്ങള്‍ ശരിയാണെന്ന് പലരും വിശ്വസിച്ചു. അതിനെ പ്രതിരോധിക്കാന്‍ ഞാനല്ലാതെ മറ്റാരുമുണ്ടായില്ല. വൈകാതെ സിനിമയില്‍ നിന്ന് പൂര്‍ണമായി ഇല്ലാതാകുന്നതാണ് കണ്ടത്. ഉത്തമനിലൂടെ ശക്തമായ തിരിച്ചു വരവിന് ശ്രമിച്ചു. പക്ഷെ അതിനു ശേഷവും ഇടവേളയുണ്ടായി. ഇക്കാലയളവിലാണ് വിവാഹിതനാകുന്നതും വിദേശത്തേയ്ക്ക് താമസം മാറ്റുന്നതും. അതും അവസരങ്ങള്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി വര്‍ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ഒരിടവേളയ്ക്ക് ശേഷം സജീവമാകാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ വീണ്ടും രംഗത്തിറങ്ങിയിട്ടുണ്ട്. തന്റെ കുടുംബ ജീവിതം പോലും ഇല്ലാതാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്താണ് അവരുടെ ലക്ഷ്യമെന്ന് അറിയില്ല. പക്ഷെ ഒരുനാള്‍ അവര്‍ക്കിതിന് കണക്ക് പറയേണ്ടി വരുമെന്നാണ് ഉറച്ച വിശ്വാസം. അന്ന് അവര്‍ തന്റെ കാലില്‍ വീണ് മാപ്പു ചോദിക്കുന്നത് എല്ലാവര്‍ക്കും കാണാനാകും ചന്തയും ഉപ്പുകണ്ടം ബ്രദേഴ്‌സും പോലുള്ള കോരിത്തരിപ്പിക്കുന്ന ഒരു ആക്ഷന്‍ ചിത്രം ഉടനുണ്ടാകുമെന്നും ബാബു ആന്റണി വ്യക്തമാക്കി.