'ലോമപാദന്‍ രാജാവിനെ അവതരിപ്പിച്ച ഞാന്‍ ഭാഗ്യവാനായിരുന്നു..'; അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗത്തില്‍ അനുസ്മരിച്ച് ബാബു ആന്റണി

അറ്റ്‌ലസ് രാമചന്ദ്രന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നടന്‍ ബാബു ആന്റണി. തനിക്ക് മികച്ച കഥാപാത്രത്തെ സമ്മാനിച്ച ചിത്രത്തിന്റെ നിര്‍മ്മാതാണ് അദ്ദേഹമെന്നും വേര്‍പാടില്‍ ദുഖിക്കുന്നതായും നടന്‍ പറഞ്ഞു. രാമചന്ദ്രന്‍ നിര്‍മ്മിച്ച ‘വൈശാലി’ എന്ന സിനിമയില്‍ അഭിനയിച്ചത് തനിക്ക് ലഭിച്ച ഭാഗ്യമാണ് എന്നാണ് ബാബു ആന്റണി പറയുന്നത്.

”മാസ്റ്റര്‍ ക്രാഫ്റ്റ്‌സ്മാന്‍ ഭരതേട്ടന്‍ സംവിധാനം ചെയ്ത ‘വൈശാലി’ എന്ന ഇതിഹാസ ചിത്രം നിര്‍മ്മിച്ച ശ്രീ രാമചന്ദ്രന്റെ വേര്‍പാടില്‍ ദുഖമുണ്ട്. ലോമപാദന്‍ രാജാവ് എന്റെ ഏറ്റവും പ്രശംസനീയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. എനിക്ക് ഏറ്റവും പ്രശംസ നേടിത്തന്ന ലോമപാദന്‍ രാജാവ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായത് ഭാഗ്യമായി കരുതുന്നു” എന്നാണ് ബാബു ആന്റണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഭരതന്റെ സംവിധാനത്തില്‍ 1989ല്‍ പുറത്തിറങ്ങി പ്രേക്ഷക പ്രശസയും വാണിജ്യ വിജയവും നേടിയ ചിത്രമായിരുന്നു ‘വൈശാലി’. അറ്റ്‌ലസ് രാമചന്ദ്രന്റെ ആദ്യ നിര്‍മ്മാണ സംരംഭമായിരുന്നു ചിത്രം. തുടര്‍ന്ന് ‘സുകൃതം’, ‘ധനം’, ‘വാസ്തുഹാര’, ‘കൗരവര്‍’, ‘ചകോരം’, ‘ഇന്നലെ’, ‘വെങ്കലം’ എന്നീ ചിത്രങ്ങളും രാമചന്ദ്രന്‍ നിര്‍മ്മിച്ചിരുന്നു.

ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ദുബായിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ അന്ത്യം. ശാരീരിക ആസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ കഴിഞ്ഞ ദിവസം ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ദുബായില്‍ ഇന്ന് വൈകിട്ട് നാലിന് ജബല്‍അലി ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.