ഒരുകാലത്ത് ആക്ഷൻ ഹീറോ എന്ന് പറയുമ്പോൾ മലയാള സിനിമ പ്രേമികൾക്ക് അത് ബാബു ആന്റണിയായിരുന്നു. ബാബു ആന്റണി ഉണ്ടെങ്കിൽ സിനിമയ്ക്ക് കൂടുതൽ പ്രേക്ഷകരെ ലഭിക്കുന്ന ഒരു കാലഘട്ടത്തിലൂടെ മലയാള സിനിമ സഞ്ചരിച്ചിട്ടുണ്ട്.
സിനിമയിൽ നിന്നും ഇടയ്ക്ക് ചെറിയ ഇടവേളകൾ എടുത്തിരുന്നുവെങ്കിലും ഇപ്പോൾ വീണ്ടും ചെറിയ ചെറിയ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമയിൽ സജീവമാണ് ബാബു ആന്റണി.നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ആർഡിഎക്സ്, ലോകേഷ് കനകരാജ്- വിജയ് ചിത്രം ചിത്രം ലിയോ എന്നിവയിലെ ബാബു ആന്റണിയുടെ കഥാപാത്രങ്ങൾ ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ ലിയോ സിനിമയുടെ സെറ്റിൽ വെച്ച് സംവിധായകൻ ലോകേഷ് കനകരാജ് തന്നെ പ്രശംസിച്ച കാര്യം പറയുകയാണ് ബാബു ആന്റണി. ചെറുപ്പം മുതൽ തന്റെ സിനിമകൾ ലോകേഷ് കാണാറുണ്ടെന്നും തന്റെ വലിയ ഫാൻ ആണ് ലോകേഷ് എന്നുമാണ് ബാബു ആന്റണി പറയുന്നത്.
“‘എനിക്കൊരു പരിചയവുമില്ലാത്ത വ്യക്തിയായിരുന്നു ലോകേഷ് കനകരാജ്. എനിക്ക് ഫോട്ടോ കണ്ടാൽ പോലും അത് ലോകേഷ് ആണെന്ന് തിരിച്ചറിയാൻ കഴിയില്ലായിരുന്നു. അങ്ങനെ ഞാൻ ആദ്യമായി ലിയോയുടെ ലൊക്കേഷനിൽ ചെന്നപ്പോൾ എന്നോട് ലോകേഷ് സാറിനെ ചെന്ന് മീറ്റ് ചെയ്യാൻ പറഞ്ഞു.
പക്ഷെ എനിക്ക് കണ്ടാൽ അറിയില്ലല്ലോ. പക്ഷെ കുറച്ച് കഴിഞ്ഞ് ലോകേഷ് വന്നു എന്നിട്ട് എന്നോട് പറഞ്ഞു, സാർ ഞാൻ ചെറുപ്പം തൊട്ട് സാറിന്റെ സിനിമകൾ കാണാറുണ്ട്. പൂവിഴി വാസലിലേ സൂര്യൻ അതെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമുള്ള സാറിന്റെ സിനിമകളാണ്. സാർ ഞങ്ങളുടെ സിനിമ അംഗീകരിച്ച് ഇവിടെ വന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്ന്.
അത് കേട്ടപ്പോൾ ഞാൻ പറഞ്ഞത്, സാറിനെ പോലൊരു സംവിധായകനോടൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നത് വലിയൊരു ഭാഗ്യമല്ലേയെന്ന്. അപ്പോൾ ലോകേഷ് പറഞ്ഞത്, അല്ല സാർ ഞാൻ നിങ്ങളുടെ ഫാൻ ആണെന്നാണ്. എന്നെ സംബന്ധിച്ച് ഒരു നാഷണൽ അവാർഡ് കിട്ടുന്നതിനേക്കാൾ സന്തോഷമുള്ള കാര്യമായിരുന്നു അത്. വിജയ് ആണെങ്കിലും എന്നോട് അങ്ങനെ തന്നെ പറഞ്ഞു.
ഞാൻ അഭിനയിച്ച സിനിമകളെല്ലാം അവർ ഇങ്ങോട്ട് പറയുകയാണ്.
ഇതെല്ലാം നിങ്ങൾ കണ്ടിട്ടുണ്ടോ എന്ന് ഞാൻ ചോദിക്കുമ്പോൾ അവർ പറയുന്നത്, എന്താണ് സാർ ഞാൻ നിങ്ങളുടെ ഫാൻ ആണെന്നാണ്. പൊന്നിയിൻ സെൽവനിൽ അഭിനയിക്കുമ്പോൾ കാർത്തിയും എന്നോട് അങ്ങനെ പറഞ്ഞിരുന്നു, ബാബു ആന്റണി പറയുന്നു.” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലായിരുന്നു ബാബു ആന്റണി ഇങ്ങനെ പറഞ്ഞത്.