റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസില്‍ കഴിഞ്ഞ ദിവസം നടന്‍ ബാബു രാജിനെ അറസ്റ്റ് ചെയ്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അറസ്റ്റ് രേഖപ്പെടുത്തി അന്നു തന്നെ ജാമ്യമെടുത്ത് വീട്ടില്‍ തിരിച്ചെത്തിയിരുന്നുവെന്നും റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന പരാതിയില്‍ വാസ്തവമില്ലെന്നും പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ബാബുരാജ്.
പരാതിക്കാരന്‍ അരുണിന് 35 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി റിസോര്‍ട്ട് വാടകയ്ക്ക് കൊടുക്കുകയായിരുന്നു. എന്നാല്‍ കോവിഡ് സമയത്ത് പതിനൊന്ന് മാസത്തോളം റിസോര്‍ട്ട് പൂട്ടി ഇട്ടതിനെ തുടര്‍ന്ന് ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായെന്നും പകുതി നഷ്ടം സഹിക്കണമെന്ന് പരാതിക്കാരനോട് ആവശ്യപ്പെട്ടതില്‍ നിന്നാണ് തര്‍ക്കം ആരംഭിച്ചതെന്നും ബാബുരാജ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറയുന്നു.
‘ം നാശനഷ്ടങ്ങള്‍ അവിടെ ഉണ്ടാക്കി. പതിനൊന്ന് മാസത്തെ വാടകയും എനിക്ക് തന്നിട്ടില്ല. ഞാന്‍ തൊടുപുഴ കൊമേഴ്സ്യല്‍ കോടതിയില്‍ പോയി ഓര്‍ഡര്‍ എടുത്ത് അരുണിനെ അവിടെ നിന്ന് പുറത്താക്കി. അതിനു ശേഷം ഇയാള്‍ 35 ലക്ഷം രൂപ തിരിച്ചുവേണം എന്നുപറഞ്ഞ് പല പ്രാവശ്യം എന്റെ അടുത്ത് വന്നു. ”മറ്റൊരാള്‍ റിസോര്‍ട് വാടകയ്ക്ക് എടുക്കുമ്പോള്‍ ഞാന്‍ പകുതി പണം നിങ്ങള്‍ക്ക് തരാം. കാരണം നിങ്ങള്‍ റിസോര്‍ട് എടുത്തിട്ട് വാടകയും തരാതെ പോയിട്ട് അതിന്റെ നഷ്ടം മുഴുവന്‍ ഞാന്‍ സഹിക്കേണ്ടല്ലോ , പകുതി നഷ്ടം നിങ്ങളും സഹിക്കണമെന്നു പറഞ്ഞു.
അയാള്‍ പണം കിട്ടാന്‍ ഒരു സ്വകാര്യ പരാതി മജിസ്ട്രേറ്റിനു കൊടുത്തു. പട്ടയം ഇല്ലാത്ത സ്ഥലം കൊടുത്തു കബളിപ്പിച്ചു എന്നാണു പരാതി കൊടുത്തത്. മുഴുവന്‍ സ്ഥലത്തും കൂടിയാണ് റിസോര്‍ട് ഇരിക്കുന്നത്. പട്ടയം ഇല്ലാത്ത ഭൂമി അവിടെ ഉണ്ടെന്നേ ഉള്ളൂ. അയാള്‍ പരാതി കൊടുത്തത് പട്ടയം ഇല്ലാത്തതുകൊണ്ട് ജിഎസ് ടി എടുക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല എന്നാണ്. പക്ഷേ അത് നുണയാണ്, കാരണം ഈ സ്ഥലത്തു തന്നെ മുന്‍പ് രണ്ടു വര്‍ഷം അയാള്‍ റിസോര്‍ട്ട് നടത്തിയതാണ്,” ബാബുരാജ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.
2016 മുതല്‍ പരാതിക്കാരന്‍ റിസോര്‍ട്ടിന് ടാക്‌സ് അടച്ചിട്ടില്ലയെന്നും അതിന്റെ ഫൈനായി 50 ലക്ഷം രൂപയടക്കണം എന്നാവശ്യപ്പെട്ട് തനിക്കാണ് ജപ്തി നോട്ടീസ് വന്നതെന്നും ബാബുരാജ് പറയുന്നു. ”സിനിമാ നടന്‍ ആയതുകൊണ്ട് നാണക്കേട് പേടിച്ച് ഞാന്‍ മുഴുവന്‍ തുകയും അടയ്ക്കുമെന്നാണ് അയാള്‍ കരുതുന്നത്. സത്യം എന്റെ ഭാഗത്തായതുകൊണ്ടു വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ബാബുരാജ് വ്യക്തമാക്കി.