സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നു: ബാലചന്ദ്രന്‍ ചുള്ളിക്കാട്

മലയാളികളുടെ ബുദ്ധിജീവി നാട്യത്തെ പരിഹസിച്ചു കൊണ്ട് കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ കുറിപ്പ് പങ്കുവച്ച് റഫീഖ് അഹമ്മദ്. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നു എന്ന് കുറിപ്പില്‍ ചുള്ളിക്കാട് പറയുന്നു. സിനിമാപ്പാട്ട് എഴുതാന്‍ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട തനിക്ക് റഫീഖ് അഹമ്മദിനോട് ആരാധന തോന്നിയതില്‍ അത്ഭുതമില്ലെന്നും ചുള്ളിക്കാട് കുറിപ്പില്‍ പറയുന്നു. ചുള്ളിക്കാടിന്റെ കുറിപ്പ് പോസ്റ്റ് ചെയ്യാതിരിക്കാന്‍ തോന്നുന്നില്ല എന്നു പറഞ്ഞാണ് റഫീഖ് അഹമ്മദ് അത് ഷെയര്‍ ചെയ്തിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു കുറിപ്പ്. ഇവിടെ പോസ്റ്റാതിരിക്കാന്‍ തോന്നുന്നില്ല.

റഫീക്ക് അഹമ്മദിന്റെ ഒരു ആരാധകന്‍. ബാലചന്ദ്രന്‍ ചുള്ളിക്കാട്.

ശരാശരി മലയാളി ബുദ്ധിജീവിയാണ്. ഞാന്‍ ബുദ്ധിജീവിയല്ല. വികാരജീവിയാണ്. വൈകാരികലോകത്തെ സ്പര്‍ശിക്കുന്ന കവിതകളാണ് എനിക്കിഷ്ടം. അതിനാല്‍ റഫീക്ക് അഹമ്മദിന്റെ കവിതകള്‍ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നാല്‍ റഫീക്ക് സിനിമാപ്പാട്ട് എഴുതിയതോടെയാണ് ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനായി മാറിയത്. സിനിമാപ്പാട്ട് എഴുതാന്‍ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട എനിക്ക് റഫീക്ക് അഹമ്മദിനോട് ആരാധന തോന്നിയതില്‍ അത്ഭുതമില്ല. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവിലക്ഷണമായിരുന്നു. ശ്രുതിയും താളവും തെറ്റിയാല്‍ അതു മനസ്സിലാക്കാന്‍ കഴിവില്ലാത്ത, ഒരു സ്വരമോ താളമോ തിരിച്ചറിയാന്‍ പോലും കഴിവില്ലാത്ത ബുദ്ധിജീവികള്‍ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകള്‍ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കും. (പാശ്ചാത്യ സര്‍വ്വകലാശാലകളില്‍ ജനപ്രിയകല പഠനവിഷയമായതോടെ നമ്മുടെ ബുദ്ധിജീവികളും വാനരത്വേന ആവഴിക്ക് നീങ്ങാന്‍ തുടങ്ങി.)

എന്തായാലും കുട്ടിക്കാലം മുതല്‍ സിനിമാപ്പാട്ടുകളെയും യേശുദാസിനെയും നിര്‍ഭയം നിര്‍ലജ്ജം ഞാന്‍ ആരാധിച്ചുപോരുന്നു. വയലാറിന്റെയും പി.ഭാസ്‌കരന്റെയും ഒ.എന്‍.വിയുടെയും കവിതകളെക്കുറിച്ച് എനിക്ക് എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഞാന്‍ അവരുടെ ഗാനപ്രപഞ്ചത്തെ ആരാധിക്കുന്നു. സ്വാഭാവികമായും ഞാന്‍ റഫീക്ക് അഹമ്മദിനെയും ആരാധിക്കുന്നു. പ്രിയസുഹൃത്തേ, ഇനിയുമിനിയും എന്റെ നരകങ്ങളെ ഗാനസാന്ദ്രമാക്കുക.

Read more