ജീവിതത്തില്‍ ഇന്നേ വരെ നല്ല കമ്മ്യൂണിസ്റ്റുകളെ കണ്ടിട്ടില്ലെന്ന വിമര്‍ശനവുമായി ഹംഗേറിയന്‍ ചലച്ചിത്ര സംവിധായകന്‍ ബേല താര്‍. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. കമ്മ്യൂണിസവും മാര്‍ക്സിസവും എന്താണെന്ന് തിരിച്ചറിയാത്തവരാണ് നല്ലൊരു വിഭാഗവും. കമ്മ്യൂണിസത്തെ നെഞ്ചോടു ചേര്‍ത്തുപിടിച്ച തന്റെ രാജ്യം തന്നെ അതിനെ വെറുക്കാനും പഠിപ്പിച്ചെന്ന് ബേല താര്‍ പറഞ്ഞു.
27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയ ബേല താര്‍ ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കമ്മ്യൂണിസത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയത് മേളയില്‍ ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ബേല താറിനാണ് നല്‍കിയത്.
‘ഇന്നുവരെ ഒരു നല്ല കമ്മ്യൂണിസ്റ്റിനെ കണ്ടിട്ടില്ല. കമ്മ്യൂണിസ്റ്റുകളെല്ലാം ക്രിമിനലുകളാണ്. തങ്ങളുടെ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും മനുഷ്യത്വ ധ്വംസനങ്ങള്‍ക്കും വേണ്ടിയുള്ള മറയായാണ് കമ്മ്യൂണിസത്തെ ലോകനേതാക്കള്‍ ഉപയോഗിക്കുന്നത്. കമ്മ്യൂണിസവും മാര്‍ക്സിസവും എന്താണെന്ന് തിരിച്ചറിയാത്തവരാണ് ഇവരില്‍ നല്ലൊരു വിഭാഗവും. കേരളത്തിലെ കാര്യം എനിക്കറിയില്ല,’ ബേല താര്‍ പറഞ്ഞു.
ലോകം വലിച്ചെറിഞ്ഞ ചെമ്പുനാണയമാണ് കമ്മ്യൂണിസമെന്നും ബേല താര്‍ വിമര്‍ശിച്ചു. 16 വയസുവരെ ഞാനൊരു തീവ്ര കമ്മ്യൂണിസ്റ്റായിരുന്നു. പില്‍ക്കാലത്ത് ഞാന്‍ ആരാധിച്ചവരൊക്കെ വ്യാജ കമ്മ്യൂണിസ്റ്റുകളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് തിരിഞ്ഞുനടക്കാന്‍ പഠിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയ പാര്‍ട്ടിയുടെ ബാനറില്‍ കമ്മ്യൂണിസം ഉണ്ടെന്നു കരുതി ഭരണത്തില്‍ ആ തഴമ്പില്ല. ചൈനയുടെ ഇന്നത്തെ പുരോഗതിക്കു കാരണം മുതലാളിത്തമാണെന്ന് താന്‍ പറയുമെന്നും ബേല താര്‍ തന്റെ അഭിമുഖത്തില്‍ പറഞ്ഞു.