വിവാഹവുമായി ബന്ധപ്പെട്ട് നടി ഭാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു. നിരവധി പേരാണ് ഭാമയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഉടനീളം പങ്കുവെച്ചത്. സ്ത്രീധനത്തെ കുറിച്ചും ഭര്‍തൃവീട്ടിലെ പീഡനങ്ങളെ കുറിച്ചുമെല്ലാം വിവരിച്ചു കൊണ്ടായിരുന്നു ഭാമ ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവെച്ചത്.
ഇപ്പോഴിതാ പ്രസ്തുത വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. സ്ത്രീധനത്തെ കുറിച്ചാണ് താൻ ഇന്നലെ ഇട്ട സ്റ്റോറിയിൽ പറയുന്നതെന്നാണ് ഭാമ പ്രതികരിച്ചത്. വിവാഹശേഷം സ്ത്രീധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക എന്നത് ചർച്ചചെയ്യപ്പെടേണ്ട കാര്യമാണെന്നും ഭാമ പറയുന്നു.
“ഇന്നലെ ഞാനിട്ട എഴുത്തില്‍ ഉദ്ദേശിച്ചത് സ്ത്രീധനം കൊടുത്ത് നമ്മള്‍ സ്ത്രീകള്‍ വിവാഹം ചെയ്യേണ്ടതില്ല എന്നാണ്. അങ്ങനെ ചെയ്താലുണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ചുമാണ് എഴുതിയത്. വിവാഹശേഷം ധനം ആവശ്യപ്പെട്ട് സ്ത്രീകള്‍ക്ക് കൊടുക്കുന്ന സമ്മര്‍ദ്ദം, അതുമൂലം സ്വന്തം ജീവനു വരെ ഭീഷണിയോടെ ഒരു വീട്ടില്‍ പേടിച്ച് കഴിയേണ്ടി വരിക. കുഞ്ഞുങ്ങള്‍ കൂടെ ഉണ്ടെങ്കില്‍ ഒരു സ്ത്രീയുടെ മാനസികാവസ്ഥ എല്ലാത്തിനും അപ്പുറമായിരിക്കും. ഇതെല്ലാമാണ് പറയാന്‍ ശ്രമിച്ചത്.
‘അങ്ങനെ സ്ത്രീകള്‍ വിവാഹം ചെയ്യരുതേ എന്നാണ്.’ വിവാഹശേഷമാണെങ്കില്‍ സമ്മര്‍ദ്ദം സഹിച്ച് ജീവിതം തുടരാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അല്ലാതെ സ്ത്രീകള്‍ വിവാഹമേ ചെയ്യരുത് എന്നല്ല. എഴുതിയതിന്റെ ആശയം മനസിലാകുമെന്ന് കരുതുന്നു. നന്ദി… എല്ലാവര്‍ക്കും നല്ലൊരു ദിവസം ആശംസിക്കുന്നു.” എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ ഭാമ കുറിച്ചത്.
അതേസമയം, 2020 ജനുവരിയില്‍ ആയിരുന്നു ഭാമയുടെ വിവാഹം. അരുണ്‍ ആയിരുന്നു വരന്‍. ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെക്കാലമായി അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഭാമ തന്റെ പേരിനൊപ്പമുള്ള ഭര്‍ത്താവിന്റെ പേര് ഒഴിവാക്കുകയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് കളയുകയും ചെയ്തിരുന്നു.
പിന്നീടാണ് കുറച്ചു നാളുകള്‍ക്ക് മുമ്പാണ് മകള്‍ ഗൗരിയുടെ ചിത്രം പങ്കുവെച്ച് കൊണ്ട് താനൊരു സിംഗിള്‍ മദറാണെന്ന് ഭാമ പറഞ്ഞിരുന്നു. ഒരു ‘സിംഗിള്‍ മദര്‍’ ആയപ്പോള്‍ താന്‍ കൂടുതല്‍ ശക്തയായി എന്നായിരുന്നു ഭാമ പറഞ്ഞത്.