സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവിനൊപ്പം ഫോട്ടോ പോസ്റ്റ് ചെയ്യാത്തതില്‍ തനിക്ക് നേരെ എത്തുന്ന കമന്റുകളോട് പ്രതികരിച്ച് ഭാവന. എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറയുന്ന ആളല്ല താന്‍ എന്നാണ് ഭാവന പറയുന്നത്. ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളൊക്കെ ഉണ്ടാകുന്നത് സാധാരണയാണ്. അത് പെട്ടെന്ന് തന്നെ ഇല്ലാതാകും എന്നും ഭാവന ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഞങ്ങള്‍ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന ദമ്പതികള്‍ അല്ല. ‘യു ആര്‍ മൈന്‍’ എന്നൊക്കെ പറഞ്ഞ് പോസ്റ്റ് ചെയ്യാന്‍ എനിക്ക് ആകില്ല. അത് ഭയങ്കര ക്രിഞ്ച് ആണ്. ഞാന്‍ ഏതെങ്കിലും പഴയ ഫോട്ടോ പോസ്റ്റ് ചെയ്താല്‍, ഇത് പഴയതാണെന്നും ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറഞ്ഞ് കമന്റുകള്‍ വരാറുണ്ട്. എല്ലാ ദിവസവും അദ്ദേഹത്തിന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാറില്ല.
ജീവിതത്തിലെ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പറയുന്ന ആളല്ല. അങ്ങനെ പറയുന്നത് തെറ്റാണെന്നല്ല. അതൊക്കെ ഓരോര്‍ത്തരുടെ സ്വാതന്ത്ര്യമാണ്. എനിക്ക് അതിനോട് യോജിപ്പില്ലെന്ന് മാത്രം. നിലവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇനി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ഞാന്‍ തന്നെ അറിയിക്കാം. ആരുടെ മുമ്പിലും തെളിയിക്കാനായി എനിക്കൊന്നും ചെയ്യാനാകില്ല.
ദാമ്പത്യ ജീവിതത്തില്‍ വഴക്കുകളൊക്കെ ഉണ്ടാകുന്നത് സാധാരണയാണ്. അത് പെട്ടെന്ന് തന്നെ ഇല്ലാതാകും. അടുത്ത പ്രശ്‌നം വരുമ്പോള്‍ പഴയ പ്രശ്‌നത്തിന്റെ കാരണങ്ങള്‍ ഞാന്‍ കുത്തിപ്പൊക്കാറുണ്ട്. അതൊക്കെ എല്ലായിടത്തും നടക്കുന്നതാണ്. പ്രണയമെന്നത് സുന്ദരവും ഉപാധികളില്ലാത്തതുമാണ്. അത് ലഭിക്കുന്നത് വിരളമാണ്. പക്ഷേ, അതാണ് ജീവിതത്തില്‍ എല്ലാമെന്ന് കരുതരുത്.
എല്ലാത്തിനും ഒരു ബാലന്‍സ് ഉണ്ടാകുന്നത് നല്ലതാണ്. വിവാഹം എന്നത് രണ്ട് വ്യക്തികള്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കേണ്ടതാണ്. വിവാഹമോചനം എന്നത് തെറ്റായ കാര്യമല്ല. കാലങ്ങളായി അഡ്ജസ്റ്റ് ചെയ്ത് ജീവിച്ച് മടുത്തുവെന്ന് പറഞ്ഞ് ഇപ്പോള്‍ ചിലര്‍ പറയുന്നുണ്ട്. എല്ലാവരും അവരവരുടെ സന്തോഷത്തിനും മാനസികാരോഗ്യത്തിനും മുന്‍ഗണന നല്‍കണം എന്നാണ് ഭാവന പറയുന്നത്.